scorecardresearch

ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചന്റെ ഡാൻസ്; വീഡിയോ

“ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈയൊലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ… ” തന്റെ വൈറൽ ഡാൻസ് സ്റ്റെപ്പുകളുമായി ചാക്കോച്ചൻ വീണ്ടും

Kunchacko Boban, Kunchacko Boban viral dance

മലയാളസിനിമയിലെ ചോക്ക്ളേറ്റ് പയ്യൻ ഇമേജ് പൂർണമായും പൊളിച്ചുകളഞ്ഞ് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് കൂടുമാറുന്ന കുഞ്ചാക്കോ ബോബനെയാണ് കുറച്ചുവർഷങ്ങളായി പ്രേക്ഷകർ കാണുന്നത്. പുള്ളിപുലികളും ആട്ടിൻകുട്ടിയും, വേട്ട,അഞ്ചാം പാതിര, പട, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധ നേടി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെത്തുമ്പോൾ രൂപഭാവങ്ങളിലും ലുക്കിലുമെല്ലാം വേറെ ലെവലാണ് ചാക്കോച്ചൻ. ട്രെയിലറിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനവും റിലീസ് ചെയ്യുകയും ഗാനരംഗത്തിലെ ചാക്കോച്ചന്റെ ഡാൻസ് സ്റ്റെപ്പുകൾ വൈറലാവുകയും ചെയ്തിരുന്നു.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം കോളേജ് കുട്ടികൾക്കൊപ്പം ചുവടുവെയ്ക്കുന്ന ചാക്കോച്ചന്റെ ഒരു പുതിയ വീഡിയോ​ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികൾക്കൊപ്പം രസകരമായ ചുവടുകളുമായി സദസ്സിന്റെ കയ്യടികൾ നേടുകയാണ് ചാക്കാച്ചൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബ്രണ്ണൻ കോളേജിൽ എത്തിയതായിരുന്നു ചാക്കോച്ചനും അണിയറപ്രവർത്തകരും.

37 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിൽ ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്ന ‘ദേവദൂതർ പാടി’ എന്ന ഗാനം പുനർസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ.

ചാക്കോച്ചനെയും പാട്ടിനെയും അഭിനന്ദിച്ച് സാക്ഷാൽ ഔസേപ്പച്ചൻ തന്നെ രംഗത്തെത്തിയിരുന്നു. “ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ, കീബോർഡ് എ .ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർസൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി,” ഫെയ്സ്ബുക്ക് കുറിപ്പിൽ ഔസേപ്പച്ചൻ പറഞ്ഞതിങ്ങനെ.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban dancing devadoothar padi with college students viral video