നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ പിറന്നാളായിരുന്നു ഏപ്രിൽ 16-ാം തീയതി. എല്ലാം തവണത്തെ പോലെയും നാലാം വയസ്സിന്റെ പിറന്നാളും ചാക്കോച്ചനും കുടുംബവും ഗംഭീരമായി തന്നെ ആഘോഷിച്ചു.
ഡിനോസർ വേൾഡ് എന്ന തീമിലാണ് ബെർത്ത് ഡെ പാർട്ടി ഒരുക്കിയത്. അതേ തീമിൽ തന്നെയാണ് ചാക്കോച്ചനും ഭാര്യയും പിറന്നാൾ താരം ഇസഹാഖും വസ്ത്രം ധരിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം മകന് ആശംസകളറിയിച്ചുള്ള കുറിപ്പും താരം പങ്കുവച്ചിരുന്നു.
ആഘോഷത്തിനിടയിൽ മകനൊപ്പം നൃത്തം ചെയ്യുന്ന ചാക്കാച്ചന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. കുഞ്ഞ് ഇസയുടെ നൃത്തം കണ്ട് അത്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ചാക്കോച്ചന്റെയല്ലേ മകൻ അപ്പോൾ ഇങ്ങനെയേ ആകൂ എന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
മത്തൻ കുത്തിയാൽ കുമ്പളം മുളക്കോ, അപ്പന്റെ മോൻ തന്നെ..,ചെക്കൻ പൊളി.. അപ്പൻ തന്നെ…, തുടങ്ങിയ രസകരമായ കമന്റുകളാണ് നിറയുന്നത്.
കുഞ്ഞ് ജനിച്ചതിന്റെ ആദ്യ ദിവസം എടുത്തു നിൽക്കുന്നതും നാലാം വയസ്സിലെ പിറന്നാളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രവും കോർത്തിണക്കി ചാക്കോച്ചൻ പിറന്നാൾ ദിവസം ആശംസ കുറിപ്പ് ഷെയർ ചെയ്തിരുന്നു.
“ആദ്യ ദിവസം മുതൽ 1461 ദിവസം വരെ. ഇന്ന് എന്റെ മകന് നാലു വയസ്സാകുമ്പോൾ എത്ര പെട്ടെന്നാണ് സമയം പോകുന്നതെന്ന് തോന്നുന്നു. ജീവിതം നിനക്കായ് കാത്തുവച്ചിരിക്കുന്നതെല്ലാം അനുഭവിക്കാൻ സാധിക്കട്ടെ. നല്ലൊരു മനുഷ്യനായി നീ വളരുക. എപ്പോഴും നിന്റെ മുഖത്ത് ഈ ചിരി ഉണ്ടാകട്ടെ, കൂടെ മറ്റുള്ളവരുടെ ചിരികൾക്കും കാരണമാകട്ടെ” ചാക്കോച്ചൻ കുറിച്ചു.
താരങ്ങളായ സംവൃത സുനിൽ, ദുൽഖർ സൽമാൻ, സൗബിൻ ഷാഹീർ, മഞ്ജു വാര്യർ, രമേഷ് പിഷാരടി തുടങ്ങിയവർ കുഞ്ഞിന് ആശംസകളറിയിച്ചിരുന്നു. പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.