വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ് സുധീഷ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുധീഷിനെ തേടി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വാർത്തയെത്തുന്നത് ഇന്നലെ മാത്രമാണ്.
മലയാള സിനിമയിൽ 34 വർഷം പൂർത്തിയാക്കിയ ശേഷമാണ് സുധീഷിന്റെ ഈ ആദ്യ സംസ്ഥാന പുരസ്‌കാര നേട്ടം. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിനാണ് സുധീഷ് അർഹനായത്.
ഇപ്പോഴിതാ, സുധീഷിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സുധീഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ നൽകിയിരിക്കുന്നത്.
“സുധീഷ്.. ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള ചലച്ചിത്രമേഖലയിലെ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം.”
“ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ “അടുത്ത വീട്ടിലെ പയ്യൻ” ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്!!” കുഞ്ചാക്കോ ബോബൻ കുറിച്ചു.
Also Read: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ
ദയാരഹിതവും ഹിംസാത്‍മകവുമായ രാഷ്‍ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്‍ട്രീയ നേതാവിന്റെ വേഷം ‘എന്നിവരി’ലും തികച്ചും വ്യത്യസ്‍തമായ മറ്റൊരു കഥാപാത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരപ്പിച്ച പ്രകടന മികവിന് അവാര്‍ഡ് എന്നാണ് സുധീഷിന് അവാർഡ് നൽകി ജൂറി പറഞ്ഞത്.
1987ല്‍ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മണിച്ചിത്രത്താഴ്, വല്യേട്ടൻ, ഉസ്‍താദ്, അനിയത്തിപ്രാവ്, ബാലേട്ടൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുധീഷ് മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അടുത്തിടെ തീവണ്ടി, അഞ്ചാം പാതിര, കപ്പേള തുടങ്ങിയ ചിത്രങ്ങളിലും വേറിട്ട കഥാപാത്രങ്ങളുമായി സുധീഷ് എത്തിയിരുന്നു.