ബുധനാഴ്ചയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ ചാക്കോച്ചന്റെ 46-ാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. ചാക്കോച്ചന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
മകൻ ഇസഹാഖിന് ഏറെയിഷ്ടപ്പെട്ട സൂപ്പർ ഹീറോ ഹൾക്കായാണ് കേക്കിൽ ചാക്കോച്ചനെ ചിത്രീകരിച്ചിരിക്കുന്നത്. ഹൾക്കിന്റെ തോളിലിരിക്കുന്ന കുഞ്ഞു ഇസഹാഖിനെയും കേക്കിൽ കാണാം. കേക്ക് ആർട്ടിസ്റ്റായ ടിന അവിരയാണ് ഈ മനോഹരമായ കേക്ക് ഒരുക്കിയത്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയ നായകനായി ചാക്കോച്ചൻ മാറി.
ചാക്കോച്ചന്റെ കരിയർ മനോഹരമായൊരു തിരിവിലെത്ത നിൽക്കുകയാണ് ഇപ്പോൾ. അഞ്ചാം പാതിര, നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട തുടങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബനിലെ നടനെ മറ്റൊരു രീതിയിൽ രേഖപ്പെടുത്തിയ ചിത്രങ്ങളാണ്. സമീപകാലത്ത് തിയേറ്ററുകളിൽ ഹിറ്റായി മാറിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്.