മലയാളസിനിമയിൽ ഡാൻസ് സീനുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഡാൻസിൽ അസാമാന്യമായ മെയ്വഴക്കം തന്നെ ചാക്കോച്ചനുണ്ട്. ഇപ്പോഴിതാ, അപാരമായ ബാലൻസും ഭാവങ്ങളും കൊണ്ട് ചാക്കോച്ചനെയും അമ്പരപ്പിക്കുകയാണ് ഒരു ഡാൻസർ. നടൻ അശ്വിൻകുമാറിന്റെ ട്രെഡ്മിൽ ഡാൻസിന് കയ്യടിക്കുകയാണ് ചാക്കോച്ചൻ.
“ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യണം എന്നുള്ളത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാൽ ഇതു കണ്ടപ്പോൾ, അതു വേണമോ എന്ന് രണ്ടാമതൊന്നു കൂടി ആലോചിച്ചു. മനസ്സ് നിറയ്ക്കുന്ന പ്രകടനം,”എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.
ഓടികൊണ്ടിരിക്കുന്ന ട്രെഡ്മില്ലാണ് അശ്വിൻ ഡാൻസിനുള്ള വേദിയാക്കി മാറ്റിയിരിക്കുന്നത്. കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനതത്തിന് അനുസരിച്ചാണ് അശ്വിൻ ചുവടുവെയ്ക്കുന്നത്. കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാൻസിന് അകമ്പടിയാവുന്നു. നിരവധിയേറെ പേരാണ് ഈ ഡാൻസിന് കയ്യടിയുമായി എത്തിയിരിക്കുന്നത്.
മുൻപും ഡാൻസ് വീഡിയോകളുമായി എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് അശ്വിൻ. ടിക്ടോക്കിലും താരമാണ് അശ്വിൻ.
തമിഴ് ചിത്രം ‘ഗൗരവ’ത്തിലൂടെ അഭിനയത്തിലെത്തിയ അശ്വിൻ കുമാറിനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത് വിനീത് ശ്രീനിവാസന്റെ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മാണ്. ലവകുശ, ചാര്‍മിനാര്‍, രണം എന്നീ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിലും അശ്വിൻ ഉണ്ട്.
Read more: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ