Johny Johny Yes Appa Review: ‘പാവാട’ എന്ന ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി യെസ് അപ്പാ’ ഇന്ന് തിയേറ്ററുകളിലെത്തി. ‘രാമന്റെ ഏദന്‍തോട്ട’ത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയ അനു സിത്താരയും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ നായികാ നായകന്മാരായി എത്തുന്നത്. മംമ്ത മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ജോണി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. റിയാച്ചന്റെ (വിജയരാഘവന്‍) മൂന്നു മക്കളില്‍ രണ്ടാമത്തെ ആളായ ജോണി ഒരുവിധം എല്ലാ ‘തരികിട’കളും കൈയ്യിലുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ മാന്യനാണ്. കുട്ടിക്കാലം മുതലേ ജോണി ചെയ്യുന്നതിനെല്ലാം പഴി കേള്‍ക്കുന്നത് ചേട്ടന്‍ പീറ്ററാണ് (ടിനി ടോം).

കൊച്ചു ജോണിയുടെ വില്ലത്തരങ്ങള്‍ അവനോടൊപ്പം വളരുകയും അത് പീറ്ററിനെ വീട്ടില്‍ നിന്നും പുറത്താക്കുന്നിടത്തും വരെയെത്തുന്നു. അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു കല്യാണം കഴിച്ചതിനാണ് പീറ്ററിനെ അപ്പന്‍ വീട്ടില്‍ നിന്നും പുറത്താക്കുന്നത്. മകന്‍ പീറ്ററിനെക്കുറിച്ചോ ഇളയമകന്‍ ഫിലിപ്പിനെ (ഷറഫുദ്ദീന്‍) കുറിച്ചോ കറിയാച്ചന് നല്ല അഭിപ്രായമില്ല. അയാളുടെ അഭിമാനം ജോണിയാണ്. എന്നാല്‍ ജോണി ഒരു മോഷ്ടാവാണ് എന്ന കാര്യം കറിയാച്ചനോ നാട്ടിലുള്ള ആളുകള്‍ക്കോ പ്രണയിനിയായ ജെയ്‌സ (അനു സിതാര)യ്‌ക്കോ പോലും അറിയില്ല. വീട്ടിലെന്ന പോലെ നാട്ടിലും ജോണിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്.

ജെയ്‌സയുമായുള്ള പ്രണയം ചെറുപ്രായത്തിലേ ആരംഭിച്ചതാണ്. എന്നാല്‍ ജെയ്‌സയുടെ പിതാവിന് ഈ ബന്ധം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇവരുടെ പ്രണയവും ജോണിയുടെ മോഷണങ്ങളും, ഇയാളുടെ തനിനിറം പുറത്തു കൊണ്ടു വരാന്‍ പീറ്റര്‍ നടത്തുന്ന ശ്രമങ്ങളുമെല്ലാമായാണ് കഥ പുരോഗമിക്കുന്നത്. ഒരു മോഷണ ശ്രമത്തിനിടയിലാണ് ആദം (മാസ്റ്റര്‍ സനൂപ്) ജോണിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആദത്തിന്റെ വരവ് ജോണിയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയാണ്. ആദ്യ പകുതി ജോണിയെ ചുറ്റിപ്പറ്റിയാണെങ്കില്‍ രണ്ടാം പകുതി ആദത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. മംമ്തയാണ് ആദത്തിന്റെ അമ്മയായി അഭിനയിക്കുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനേത്രി ഗീത മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’. ജോണിയുടെ അമ്മ എന്നതിനപ്പുറം പേരെങ്കിലും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം ഗീതയ്ക്ക് കൊടുക്കാന്‍ സംവിധായകന് ശ്രമിക്കാമായിരുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം ‘വെള്ളിമൂങ്ങ’യുടെ തിരക്കഥയൊരുക്കിയ ജോജി തോമസാണ് ‘ജോണി ജോണി യെസ് അപ്പ’യ്ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. ‘വെള്ളിമൂങ്ങ’ കണ്ട് ചിരിച്ചു മറിഞ്ഞ പ്രേക്ഷകര്‍ തന്നെയാണ് ‘കോമഡിക്കു വേണ്ടി കോമഡി’ ചെയ്തിരിക്കുന്നുവെന്ന് ഇന്ന് തിയേറ്ററില്‍ ഇരുന്ന് പറഞ്ഞത്. തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ നിയന്ത്രണത്തില്‍ നിന്നും സിനിമ മുഴുവനായും കൈവിട്ടു പോയ അവസ്ഥയാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ കാണുന്നത്.

കുഞ്ചാക്കോ ബോബന്റെയും സനൂപിന്റെയും കഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യമാണ് ചിത്രത്തിലുളളത്. എന്നാല്‍ പരസ്പസരം ചേരാത്ത കഥയും കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തു വച്ച് പ്രേക്ഷകരെ പരിഹസിക്കുന്നതു പോലെയാണ് സിനിമ അനുഭവപ്പെട്ടത്.

ചിത്രത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ടിനി ടോമും അനു സിതാരയുമാണ്. വൈകാരിക രംഗങ്ങളില്‍ ടിനി ടോം മികച്ചു നിന്നപ്പോള്‍ പല രംഗങ്ങളിലും വളരെ ഇംപല്‍സീവായി ജെയ്‌സ എന്ന കഥാപാത്രം നല്‍കുന്ന മറുപടികള്‍ തിയേറ്ററില്‍ ചിരിയുണര്‍ത്തി. ഷറഫുദ്ദീനും ടിനി ടോമും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം അങ്ങേയറ്റം ആവര്‍ത്തന വിരസതയാണ് നല്‍കിയത്. അബു സലീം, കലാഭവന്‍ ഷാജോണ്‍ എന്നീ നടന്മാരെ വെറും കോമാളികളാക്കി ചുരുക്കിയ സിനിമ. നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമൊക്കെ എന്തിനാണ് എന്ന് പോലും തോന്നിപ്പോകും. അതിവൈകാരികതയിലൂടെ ലെന അവതരിപ്പിച്ച സുജാത എന്ന ജയില്‍ സൂപ്രണ്ട് കഥാപാത്രവും സാമാന്യം ബോറടി ഉളവാക്കി.

സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ ജോണി എന്തിനാണ് കള്ളനായതെന്നോ, ഒടുവില്‍ അയാള്‍ ചെയ്ത മോഷണങ്ങളും മറ്റു തെറ്റുകളുമൊക്കെ എങ്ങനെയാണ് വെള്ളപൂശിയതെന്നോ ഒന്നും പ്രേക്ഷകന് വ്യക്തമാകുന്നില്ല. സിനിമ കാണുന്ന പ്രേക്ഷരെക്കുറിച്ച് ഒട്ടും ചിന്തിക്കാതെയാണോ സംവിധായകനും തിരക്കഥാകൃത്തും ഈ ചിത്രം ഒരുക്കിയതെന്നു സംശയിക്കേണ്ടി വരും. ഷാന്‍ റഹ്മാന്റെ സംഗീതമോ വിനോദ് ഇല്ലംപള്ളിയുടെ ക്യാമറയോ ഒന്നും ചിത്രത്തിന് രക്ഷയാകുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook