പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ മികച്ച പ്രതികരണം നേടി വിജയകരമായി തിയേറ്ററുകളിൽ ഓടുമ്പോൾ ഭാര്യ പ്രിയയ്ക്ക് ഒപ്പം കെനിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ.
കെനിയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. “വന്യമൃഗങ്ങൾക്കിടയിൽ, എന്റെ വൈൽഡർ ബെസ്റ്റിക്കൊപ്പം,” എന്നാണ് ചിത്രങ്ങൾക്ക് ചാക്കോച്ചൻ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ടൊവിനോ തോമസ്, രമേഷ് പിഷാരടി, നിമിഷ സജയൻ, ശ്രീനാഥ് ഭാസി, ചിന്നു ചാന്ദ്നി തുടങ്ങിയവരെല്ലാം ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
വളരെ വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ടൊരു ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചാക്കോച്ചന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ന്നാ താൻ കേസ് കൊടിലെ രാജീവനെ വിശേഷിപ്പിക്കാം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ്.