ഈ വർഷം ആദ്യം പുറത്തിറങ്ങി, മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമായിരുന്നു മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമിച്ച ‘കുമ്പളങ്ങി നൈറ്റസ്’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി. കേരളത്തിൽ നിന്നു മാത്രമായി ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലി പി.എം ആയിരുന്നു.
Read More: അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളൂ; ‘കുമ്പളങ്ങി നൈറ്റ്സ്’ ഡിലീറ്റഡ് സീൻ
നെപ്പോളിയന്റെ മക്കളായി സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസും എത്തിയപ്പോള്‍ ഇവരുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലി പി.എം ആയിരുന്നു. മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ലാലി അവതരിപ്പിച്ച കഥാപാത്രം. ഇപ്പോൾ ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാർ. ഫെയ്സ്ബുക്കിലാണ് ലിജീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. യുവതാരം അനാർക്കലിയുടെ അമ്മ കൂടിയാണ് ലാലി.
അടുത്തിടെ അമ്മയെ കാണാൻ എന്ന പേരിൽ മക്കൾ അമ്മയ്ക്കടുത്തേക്ക് പോകുന്നതിനു മുമ്പുള്ള ഒരുക്കങ്ങളുടെ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. ഈ രംഗം ചിത്രത്തിൽ ഉണ്ടായിരുന്നില്ല. യൂടൂബിലൂടെയാണ് ഇത് പുറത്തുവിട്ടത്. ഒരു ടെക്സ്റ്റൈൽസിന്റെ പശ്ചാത്തലത്തിലുള്ള സീനിൽ ഡ്രസ് എടുക്കുന്ന കുമ്പളങ്ങി സഹോദരന്മാരെയാണ് കാണാനാവുക. സജിയും ബോണിയും ട്രയൽ റൂമിൽ പുതിയ ഡ്രസ് ട്രൈ ചെയ്തു നോക്കുമ്പോൾ കാഷ് കൗണ്ടറിന് അരികിൽ നിൽക്കുകയാണ് ബോബിയും ഫ്രാങ്കിയും. ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടോ എന്ന് ബോബി തന്റെ ആശങ്ക ഫ്രാങ്കിയോട് പങ്കുവയ്ക്കുകയാണ്. ‘ഏയ് ഇല്ല. നമുക്ക് സജിയെ കൊണ്ട് സിൻസിയർ ആയൊരു സോറി പറയിക്കാം. നമ്മൾക്കും വിളിക്കാം. അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളൂ,’ എന്ന് ഫ്രാങ്കി ബോബിക്ക് പ്രത്യാശ നൽകുന്നുമുണ്ട്.
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു സി.നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിച്ചു. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വയ്ക്കുന്നത്.