Latest News

കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!

പുരുഷകഥാപാത്രങ്ങളുടെ നിഴൽപറ്റി നടക്കാതെ, വേണ്ടിടത്ത് ആർജ്ജവത്തോടെ പ്രതികരിക്കാനും സമയോചിതമായി ഇടപെടാനും കഴിയുന്നു എന്നതുതന്നെയാണ് ‘കുമ്പളങ്ങി നൈറ്റ്സി’ലെ സ്ത്രീ കഥാപാത്രങ്ങളെയെല്ലാം വ്യത്യസ്തരാക്കുന്നത്

തിയേറ്റർ വിട്ടിറങ്ങുമ്പോഴും കൂടെപ്പോരുന്ന കഥാപാത്രങ്ങളെ ഒരു സിനിമ സമ്മാനിക്കുന്ന അനുഭവം വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അങ്ങനെ ഏറെ കഥാപാത്രങ്ങളെ ഒന്നിച്ച് കിട്ടിയ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. അവകാശവാദങ്ങളോ, വലിയ പബ്ലിസിറ്റിയോ ബഹളമോ ഒന്നുമില്ലാതെ വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന ‘കുമ്പളങ്ങി നൈറ്റ്സി’നെ കുറിച്ചുള്ള റിവ്യൂകളും പല ലെയറുകളായുള്ള വിലയിരുത്തലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും കുമ്പളങ്ങി വിശേഷങ്ങൾ നിറയുകയാണ്. റിയലിസ്റ്റിക്കായ കഥ കൊണ്ടും​ അഭിനയമുഹൂർത്തങ്ങൾ കൊണ്ടും മേക്കിംഗ് കൊണ്ടുമെല്ലാം എല്ലാതരം പ്രേക്ഷകരെയും സംതൃപ്തരാക്കുന്ന ചിത്രത്തിലെ പെൺ കഥാപാത്രങ്ങളും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. വ്യക്തിത്വവും നിലപാടുകളുടെ കരുത്തുമുള്ള കുമ്പളങ്ങിയിലെ പെണ്ണുങ്ങളെല്ലാം സൂപ്പറാണെന്നാണ് സമൂഹമാധ്യമങ്ങളുടെയും ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെയും വിലയിരുത്തൽ.

നായികയും നായികയുടെ ചേച്ചിയും നായികയുടെ കൂട്ടുകാരിയും മുതൽ ഒരു നിർണായക ഘട്ടത്തിൽ നെപ്പോളിയന്റെ വീട്ടിൽ അഭയം തേടുന്ന ആ ചെറുപ്പക്കാരിയായ അമ്മ കഥാപാത്രത്തിനു പോലുമുണ്ട് നിലപാടുകളുടെ കരുത്ത്. പുരുഷകഥാപാത്രങ്ങളുടെ നിഴൽപറ്റി നടക്കാതെ, വേണ്ടിടത്ത് ആർജ്ജവത്തോടെ പ്രതികരിക്കാനും സമയോചിതമായി ഇടപെടാനും കഴിയുന്നു എന്നതുതന്നെയാണ് ഈ പെൺ കഥാപാത്രങ്ങളെയെല്ലാം വ്യത്യസ്തരാക്കുന്നത്.

കുമ്പളങ്ങി പെണ്ണുങ്ങളിൽ മുത്തുപോലെ പ്രകാശിക്കുന്ന ഒരുവൾ ബേബി മോൾ തന്നെയാണ്. ചുരുണ്ടമുടിയും ഉണ്ടക്കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ ചിരിയുമൊക്കെയായി കാഴ്ചക്കാരുടെ ഇഷ്ടം കവരുമ്പോഴും ബാഹ്യസൗന്ദര്യത്തിനപ്പുറം നിലപാടുകളുടെ സൗന്ദര്യം കൂടിയുണ്ട് ആ ചുരുളൻ മുടിക്കാരിക്ക്. ഏതു ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്ന്, സ്വന്തം സ്കില്ലുകൾ പ്രയോജനപ്പെടുത്തണമെന്ന് എത്ര ലളിതമായാണ് അവൾ ബോബിയെ മനസ്സിലാക്കി കൊടുക്കുന്നത്. തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, നീ ഒാടി രക്ഷപ്പെട്ടോ എന്ന് പരാജിതനെ പോലെ പറഞ്ഞ് പ്രണയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബോബിയെ എത്ര സ്നേഹത്തോടെയാണ് അവൾ ചേർത്തുപിടിക്കുന്നത്.

ആൺമേൽക്കൊയ്മയുടെയും പാരമ്പര്യത്തിന്റെയും ധാർഷ്ട്യം കാണിച്ച്, ഒറ്റ തന്തയ്ക്ക് പിറക്കാത്തവനെന്ന് വിളിച്ച് തന്റെ പ്രണയിതാവിനെ അധിക്ഷേപിക്കുന്ന ഷമ്മിയ്ക്ക് എത്ര ആർജ്ജവത്തോടെയാണ് അവൾ മറുപടി നൽകുന്നത്. കാലാകാലങ്ങളായി പിതൃത്വത്തിന്റെ പേരു പറഞ്ഞ് സമൂഹം അപമാനിച്ചിരുത്തുന്ന ഒരുപാട് പേർക്കുവേണ്ടി ശബ്ദിച്ച്, ഷമ്മി അടങ്ങുന്ന സമൂഹത്തിന്റെ പ്രിവിലേജ്ഡ് അഹന്തകൾക്ക് മുഖത്തടി കൊടുക്കുകയാണ് ബേബി മോൾ. ചിന്തകളിലും സംസാരത്തിലും കാഴ്ചപ്പാടുകളിലും പ്രണയത്തിൽ പോലും ഇത്രയും പോസിറ്റീവായൊരു നായികാ കഥാപാത്രത്തെ ഒടുവിലെപ്പോഴാണ് നമ്മൾ കണ്ടത് എന്നുകൂടിയാണ് അന്ന ബെന്നിന്റെ ബേബി മോൾ എന്ന കഥാപാത്രം മലയാളിയോട് ചോദിക്കുന്നത്.

നായികയുടെ കൂട്ടുകാരി പോലും ‘കുമ്പളങ്ങി നൈറ്റ്സി’ൽ ഒരു നിഴലല്ല, വ്യക്തിത്വമുള്ള ഒരു കഥാപാത്രം തന്നെയാണ്. ബാഹ്യസൗന്ദര്യത്തിനപ്പുറം സ്നേഹത്തിനും പ്രണയത്തിനുമൊക്കെ വിലമതിക്കുന്ന അവളുടെ പ്രണയത്തിൽ പോലുമുണ്ട് മാനവികതയുടെ സൗന്ദര്യം. സ്വന്തം കൂട്ടുകാരനാൽ പോലും മനസ്സിലാക്കാതെ പോയ, അവരു പോലും വിലകൽപ്പിക്കാതെ പോയ ഒരു ചെറുപ്പക്കാരന് വെളിച്ചവും ദിശാബോധവും നൽകുകയാണ് അവൾ.

Read more: Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ‘കുമ്പളങ്ങി’ ബ്രദേഴ്സ്

ഭർത്താവിന്റെ ബുള്ളറ്റിന്റെ മുഴക്കത്തിൽ പോലും ഞെട്ടിപ്പോകുന്ന, അയാളുടെ ‘മോളെ…’ വിളി കേൾക്കുമ്പോഴേക്കും അയാൾക്കരികിലേക്ക് സ്നേഹാദരവത്തോടെ ഓടിപ്പിടഞ്ഞെത്തുന്ന, ഹണിമൂൺ കാല പച്ചപ്പിൽ നിൽക്കുന്ന ബേബിയുടെ ചേച്ചി സിമിയും ചിലയിടങ്ങളിൽ നിലപ്പാടുകളുടെ ഉറപ്പോടെ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം സഹോദരിയോട് അപമര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ ഭർത്താവിനെ പോലും അവൾ അനുവദിക്കുന്നില്ല. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും അനിയത്തിയോട് മര്യാദയ്ക്ക് സംസാരിക്കണം’ എന്നു പറയുന്ന സിമിയുടെ വാക്കുകൾക്ക് ഷമ്മിയെ ഒരുവേള നിശ്ചലനാക്കാനുള്ള കരുത്തുണ്ട്.

ആർത്തവം പെണ്ണിനെ അശുദ്ധി സമ്മാനിക്കുന്നുവെന്നും സ്ത്രീ ദുർബലയാണെന്നുമൊക്കെ അടിവരയിട്ടു പറഞ്ഞുറപ്പിക്കുന്ന ഒരു സമൂഹത്തിലാണ് ആ തമിഴ് പെൺകൊടി അതിജീവിച്ചു കാണിക്കുന്നത്. നാടും വീടുമൊക്കെ വിട്ട് അന്യനാട്ടിലേക്ക് പാലായനം ചെയ്യപ്പെട്ടിട്ടും, നിറഗർഭിണിയായിരിക്കെ ജീവിതത്തിൽ തനിച്ചാക്കേണ്ടി വന്നിട്ടും അവൾ തളരാതെ പിടിച്ചുനിൽക്കുന്നു. മാതൃത്വത്തെ കുറിച്ചുള്ള ഏറ്റവും മനോഹരമായൊരു കവിത പോലെ സ്വയം പ്രകാശിക്കുകയാണ് ഏതോ വിദൂരഛായയിൽ കന്യാമറിയത്തെ ഓർമ്മപ്പെടുത്തുന്ന ആ തമിഴ് പെൺകുട്ടി. ജീവിതം സമ്മാനിക്കുന്ന ദുരന്തങ്ങളോട് കലഹിക്കാനോ നിമിത്തമായവരോട് പ്രതികാരം ചെയ്യാനോ അല്ല അവൾ ശ്രമിക്കുന്നത്, മനുഷ്യത്വത്തിന്റെയും ദയയുടെയും സാഹോദര്യത്തിന്റെ കൈകൾ നീട്ടി പൊറുക്കാനും ക്ഷമിക്കാനുമാണ്. ‘നിങ്ങൾ’ എന്ന്​ അവളെ അതിസംബോധന ചെയ്തു വിളിച്ച നെപ്പോളിയന്റെ മക്കൾ ഒടുവിൽ മനുഷ്യസ്നേഹത്തിൽ ജ്ഞാനസ്നാനം ചെയ്ത് അവളെ ചേച്ചിയെന്നു വിളിക്കുന്നു.

തന്നെ കൊണ്ട് പറ്റാത്തിടത്തു നിന്ന് ഇറങ്ങിപ്പോരാനും തന്റെ ഇഷ്ടങ്ങൾക്കു പിറകെ പോകാനും ധൈര്യം കാണിച്ച, ‘അമൃതാജ്ഞന്റെ മണമുള്ള’ ലീലാമ്മ പോലും കരുത്തയാണ്. അനുഭവങ്ങളിൽ നിന്ന് അവർ​​ ആർജ്ജിച്ചെടുത്ത ആ കരുത്ത് ഒരു സെന്റിമെൻസിനു മുന്നിലും അടിയറവ് വെയ്ക്കാൻ അവർ തയ്യാറാവുന്നില്ല. ‘എന്തു തള്ളയാടാ സജീ അത്’ എന്ന് മകൻ അമ്മയെ കുറിച്ച് വിധിയെഴുതുമ്പോൾ പോലും പ്രേക്ഷകനു ലീലാമ്മയെ കുറ്റപ്പെടുത്താൻ കഴിയില്ല. ജീവിതത്തിന്റെ ഊരാക്കുടുക്കുകളിൽ നിന്നും രക്ഷപ്പെടാൻ അവർ തിരഞ്ഞെടുത്ത വഴി പോലും അവരുടെ സ്വാതന്ത്രപ്രഖ്യാപനമായി മാറുകയാണ്.

എന്തിന് സദാചാരക്കാരനായ, പുറത്ത് മാന്യതയും അകത്ത് നെഗറ്റീവിറ്റിയുമുള്ള ഹോം സ്റ്റേ ഉടമസ്ഥന്റെ ധാർഷ്ട്യത്തിന് നിൽക്കാതെ, അയാൾക്ക് ചുട്ടമറുപടി നൽകി ഇറങ്ങിപ്പോവുന്ന ആ വിദേശ വനിത പോലും സ്വതന്ത്രയാണ്. മൂകനായ ഒരുവനെ മനസ്സിലാക്കാൻ അവൾക്ക് പ്രണയമെന്ന യൂണിവേഴ്സൽ ലാംഗ്വേജ് മാത്രം മതി. ഭാഷയും സംസ്കാരവുമൊക്കെ അതിരിടുന്ന ഒരിടത്തു ജീവിതം കൊണ്ടെത്തിക്കുമ്പോഴും സ്നേഹം കൊണ്ട് കുമ്പളങ്ങി അവൾക്ക് വീടായി മാറുകയാണ്. സമൂഹം പലകാരണങ്ങൾ കൊണ്ട്, ചെവിയിൽ തൂക്കി വലിച്ചെറിഞ്ഞ, ഉപേക്ഷിക്കപ്പെട്ട പൂച്ചകളെ പോലെ ആർക്കും വേണ്ടാത്ത, തന്റെ ചുറ്റുമുള്ള ആ മനുഷ്യരെല്ലാം അവളുടെ​ ആരൊക്കെയോ​ ആയി മാറുകയാണ്. മാനവികതയുടെ​ ആ ഒറ്റ കൂരയ്ക്കു താഴെ നെപ്പോളിയന്റെ മക്കൾ ജീവിച്ചു തുടങ്ങുമ്പോൾ, സ്നേഹത്തിന്റെ ചിരാതുകളായി ആ ജീവിതങ്ങൾക്ക് പ്രകാശം പകരുന്നത് ഈ പെണ്ണുങ്ങൾ തന്നെയാണ്. കുമ്പളങ്ങിയിലെ സൂപ്പർ പെണ്ണുങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kumbalangi nights female leads

Next Story
സണ്ണി ലിയോണും കൂടെ ചാടട്ടെ: ‘രംഗീല’ ചിത്രീകരണ വിശേഷങ്ങള്‍, വീഡിയോsunny leone malayalam film, sunny leone rangeela, rangeela malayalam film, സണ്ണി ലിയോണ്‍, സണ്ണി ലിയോണ്‍ ചരിത്രം, സണ്ണി ലിയോണ്‍ കൊച്ചി, സണ്ണി ലിയോണ്‍ കേരളത്തില്‍, സണ്ണി ലിയോണ്‍ photos, സണ്ണി ലിയോണ്‍ song, സണ്ണി ലിയോണ്‍ images, സണ്ണി ലിയോണ്‍ മമ്മൂട്ടി, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com