‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ ബേബി മോളുടെ അമ്മ വേഷത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനേതാവാണ് അംബിക റാവു. സഹസംവിധായകയായും അഭിനേത്രിയായും പതിനെട്ടു വർഷത്തോളാമായി സിനിമയുടെ അണിയറയിലും അരങ്ങിലും സജീവമായ അംബിക റാവു ഏറെനാളായി അസുഖവുമായുള്ള പോരാട്ടത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇപ്പോൾ അംബികയുടെ ജീവിതത്തിലെ വില്ലൻ. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണ് അംബിക.

സിനിമാസുഹൃത്തുക്കളുടെയും സഹോദരൻ അജിയുടെയും സഹായത്തോടെ ചികിത്സ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു അംബിക ഇത്രനാൾ. എന്നാൽ സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ അംബിക തുടർചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ പ്രതിസന്ധി നേരിടുകയാണ്.

രണ്ടുവർഷം മുൻപാണ് അംബികയ്ക്ക് വൃക്കസംബന്ധമായ അസുഖം കണ്ടെത്തുന്നതും ചികിത്സ ആരംഭിക്കുന്നതും. “എട്ടുമാസത്തോളമായി ഡയാലിസിസ് ചെയ്യുകയാണ്. എപ്പോഴും കൂടെ സഹായത്തിനുണ്ടായിരുന്നത് സഹോദരൻ അജിയാണ്. സജി സ്ട്രോക്ക് വന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഐസിയുവിലാണ്. ഫെഫ്കയും സിനിമാമേഖലയിലെ സുഹൃത്തുക്കളുമെല്ലാം തന്നാലാവുന്ന രീതിയിൽ സഹായിച്ചതുകൊണ്ടാണ് ഇത്രനാളും ചികിത്സ മുന്നോട്ട് പോയത്. എല്ലാവർക്കും പരിമിതികളില്ലേ, ഇനിയും ആഴ്ചയിൽ രണ്ടു ഡയാലിസിസ് എന്ന രീതിയിൽ ചികിത്സ തുടരേണ്ടതുണ്ട്.” അംബിക റാവു പറയുന്നു.

ബാലചന്ദ്രൻ മേനോൻ മുതൽ ആഷിഖ് അബു വരെയുള്ളവരുടെ സിനിമകളുടെ പിന്നിലെ നിറസാന്നിദ്ധ്യമായ അംബികാ റാവു ചെറുതും വലുതുമായി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Read more: സിനിമയെന്നാല്‍ എനിക്ക്: അംബികാ റാവു ജീവിതം പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook