‘കുമ്പളങ്ങി നൈറ്റ്സ്’ നാളെ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും അണിയറക്കഥകളും പങ്കിടുകയാണ് ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും. ഫഹദ് ഫാസിൽ,നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കർ, സംവിധായകനായ മധു സി നാരായണൻ, ഷെയ്ൻ നിംഗ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗ്രെയ്സ് തുടങ്ങി പന്ത്രണ്ടോളം അണിയറപ്രവർത്തകരാണ് ‘കുമ്പളങ്ങി ഗെറ്റ് റ്റുഗദർ’ എന്നു പേരിട്ട കൂടിച്ചേരലിന് എത്തിച്ചേർന്നത്. നിർമ്മാതാക്കളും സംവിധായകനും നടീനടന്മാരും എല്ലാം ചിത്രവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.
വീഡിയോ തുടങ്ങുന്നത് തന്നെ സംവിധായകനും ‘കുമ്പളങ്ങി നൈറ്റ്സിന്റെ’ നിർമ്മാതാക്കളില്‍ ഒരാളുമായ ദിലീഷ് പോത്തനെ മറ്റുള്ളവർ ട്രോളുന്നതോടെയാണ്. കൂട്ടത്തില്‍ ഏറ്റവും ബഹുമാനം അർഹിക്കുന്നതും പക്വതയുള്ളതുമായി ആളെന്നാണ് ദിലീഷ് പോത്തനെ കുറിച്ച് മറ്റുള്ളവരുടെ കമന്റ്. രസകരമായി തന്നെ ഇതിനോട് പോത്തേട്ടന് പ്രതികരിക്കുന്നതും കാണാം.
നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് നിർമ്മാണം. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയാണ് ‘വർക്കിങ്ങ് ക്ലാസ് ഹീറോ’. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.
ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്സി’നുണ്ട്.