പല വിജയ സിനിമകളുടെയും പ്രധാനപ്പെട്ട ഘടകം ടീം അംഗങ്ങൾക്ക് ഇടയിലുള്ള ഒരുമയും കൂട്ടായ പ്രവർത്തനങ്ങളുമാണ്. പലയിടത്തു നിന്നും വന്നെത്തുന്ന, പല അഭിരുചികൾ ഉള്ള ആളുകൾ ഒരു ടീമിന്റെ ഭാഗമായി വരുമ്പോൾ പലപ്പോഴും അവർക്കിടയിൽ ‘സിനർജി’ ഉണ്ടാവണമെന്നില്ല. ഒറ്റ ടീം എന്ന ലക്ഷ്യത്തോടെ വർക്ക് ചെയ്ത് എടുക്കപ്പെടേണ്ട ഒരു കാര്യം കൂടിയാണത്. പുറത്തു നിന്നു നോക്കുമ്പോൾ വളരെ ‘ഇൻഫോർമൽ’ ആയി തോന്നുമെങ്കിലും കൃത്യമായ ഷെഡ്യൂളുകളോടെയും സമയബന്ധിതമായും അച്ചടക്കത്തോടെയും മുന്നോട്ടു പോവുന്ന ഒന്നാണ് സിനിമാ ഷൂട്ടിംഗ്. അവിടെ സമയവും പണവും അമൂല്യമാണ്. ഒരു സിനിമയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഷൂട്ടിംഗ് വേളകളിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചും ടീമംഗങ്ങൾ തമ്മിൽ പാലിക്കേണ്ട അതിരുകളെ കുറിച്ചും കുമ്പളങ്ങി നൈറ്റ്സ് ടീമിനോട് വിശദീകരിക്കുകയാണ് ദിലീഷ് പോത്തൻ.
ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ‘ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്’ എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിക്കുന്നത്.
” എല്ലാവരുടെയും ടീം സ്പിരിറ്റ് നിർബന്ധമാണ് നമുക്ക്. എന്തു ഇഷ്യു ഉണ്ടെങ്കിലും തുറന്നു പറയുക. നല്ല റിസൽറ്റ് ഉണ്ടാക്കുക എന്നതാണ് നമുക്ക് പ്രധാനം. കളിയാക്കലുകളും ദേഷ്യപ്പെടലുകളും പിണക്കങ്ങളുമെല്ലാം അതിന്റെ സ്പിരിറ്റിൽ കാണാനും വർക്കിന്റെ പ്രഷർ ടൈം കഴിയുമ്പോഴേക്കും പഴയ സൗഹൃദത്തിലേക്ക് എത്താനും നിങ്ങൾക്ക് പറ്റും. നമ്മുടേത് 60 ദിവസത്തെ ഷെഡ്യൂളാണ്. കുറച്ചു ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് ബോറടിച്ചേക്കാം. സ്വാഭാവികമായും പാർട്ടികളൊക്കെ വരാം. അതെല്ലാം നമ്മുടെ ഡിപ്പാർട്ട്മെന്റിനു അകത്താക്കാൻ ശ്രമിക്കുക. മറ്റു ഡിപ്പാർട്ട്മെന്റുകളുമായുള്ള കള്ളു കുടിയൊക്കെ മാക്സിമം ഒഴിവാക്കുക. നമ്മുടെ ലൂസ് ടോക്കുകൾ ഒക്കെ നമുക്കിടയിൽ തന്നെ നിൽക്കണം. ആരെയും മദ്യലഹരിയിൽ കാണാൻ ഇടയാവരുത്. എല്ലാവരും മിനിമം ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ഈ 60 ദിവസം കഴിയുമ്പോഴും എല്ലാവരും ഹെൽത്തി ആയിരിക്കണം. ആരും ക്ഷീണിതരാവരുത്. അസുഖങ്ങൾ വരുമ്പോൾ അതിനെ സൈന്റിഫിക് ആയി ഡീൽ ചെയ്യുക. കൃത്യമായി മരുന്നു കഴിക്കുക,” പരിചയ സമ്പന്നനായ ഒരു ഫിലിം മേക്കറുടെ ഗൗരവത്തോടെയും സ്നേഹത്തോടെയുമൊക്കെ തന്റെ ടീമിനോട് സംസാരിക്കുന്ന ദിലീഷ് പോത്തനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ദിലീഷ് പോത്തന്റെ അടുത്ത സുഹൃത്തും ആദ്യ സിനിമ മുതൽ തന്നെ സഹായിയായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്യാം പുഷ്കരനാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ” പോത്തൻ അസ്സോസിയേറ്റായ പടത്തിൽ (റിങ്ങ് ടോൺ, 2010) അസ്സിസ്റ്റന്റായാണ് എന്റെ തുടക്കം. ഒരു മാറ്റവും ഇല്ല. ആത്മാർത്ഥതയിൽ പുളിപിഴിയാത്ത വ്യക്തിത്വം,” എന്നാണ് ശ്യാം പുഷ്കരൻ ദിലീഷിനെ വിശേഷിപ്പിക്കുന്നത്.
Read more: ‘വർക്കിങ്ങ് ക്ലാസ് ഹീറോ’കളുടെ ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.
ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കും. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ ചെയ്യുക. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്‌സി’നുണ്ട്. ഫെബ്രുവരിയിലാവും ചിത്രം തിയേറ്ററുകളിലെത്തുക.