Kumbalangi Nights: പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി തിയേറ്ററുകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമ്മിച്ച ‘കുമ്പളങ്ങി നൈറ്റസ്’. കേരളത്തിൽ നിന്നു മാത്രമായി ഈ വർഷം ഏറ്റവും കൂടിയ കളക്ഷൻ നേടിയ ചിത്രമാണിത്. ചിത്രം അതിന്റെ വിജയയാത്ര തുടരുമ്പോൾ പ്രേക്ഷകർക്കായി ചിത്രത്തിൽ നിന്നും നീക്കം ചെയ്തൊരു സീൻ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ.

അമ്മയെ കാണാൻ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഒരു ടെക്സ്റ്റൈൽസിന്റെ പശ്ചാത്തലത്തിലുള്ള സീനിൽ ഡ്രസ്സ് എടുക്കുന്ന കുമ്പളങ്ങി സഹോദരന്മാരെയാണ് കാണാൻ സാധിക്കുക. സജിയും ബോണിയും ട്രയൽ റൂമിൽ പുതിയ ഡ്രസ്സ് ട്രൈ ചെയ്തു നോക്കുമ്പോൾ കാഷ് കൗണ്ടറിന് അരികിൽ നിൽക്കുകയാണ് ബോബിയും ഫ്രാങ്കിയും. ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടോ എന്ന് ബോബി തന്റെ ആശങ്ക ഫ്രാങ്കിയോട് പങ്കുവെയ്ക്കുകയാണ്. ‘ഏയ് ഇല്ല. നമുക്ക് സജിയെ കൊണ്ട് സിൻസിയർ ആയൊരു സോറി പറയിക്കാം. നമ്മൾക്കും വിളിക്കാം. അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളൂ,’ എന്ന് ഫ്രാങ്കി ബോബിയ്ക്ക് പ്രത്യാശ നൽകുന്നുമുണ്ട്.

പ്രേക്ഷകരും ഡിലീറ്റഡ് സീൻ ഏറ്റെടുത്തു കഴിഞ്ഞു. എന്തിനാണ് ഈ സീനൊക്കെ ഡീലിറ്റ് ചെയ്തത്?, പടം കണ്ടപ്പോൾ ഓർത്തിരുന്നു പെട്ടെന്ന് ഇതെന്താ എല്ലാവരും കൂടി വെള്ള ഡ്രസ്സിൽ? തുടങ്ങിയ കമന്റുകളോടെ കുമ്പളങ്ങി ആരാധകരും രംഗത്തുണ്ട്.

Read more: ‘കുമ്പളങ്ങി നൈറ്റ്സി’ലേക്ക് ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ; ഗ്രൂമിങ്ങ് വീഡിയോ

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചു. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വയ്ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ