‘കുമ്പളങ്ങി നൈറ്റ്സി’ലെ സൈക്കോ ഷമ്മിയും ‘അവഞ്ചേഴ്സി’ലെ താനോസും ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും? അത്തരമൊരു കൗതുകക്കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താനോസിനെ നേരിടാൻ ചുറ്റികയുമായി എത്തുന്ന ഷമ്മിയും ഒടുക്കം ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന ആ മാസ് ഡയലോഗും. ‘കുമ്പളങ്ങി നൈറ്റ്സി’ലെയും ‘അവഞ്ചേഴ്സി’ലെയും സീനുകൾ ഇടകലർത്തിയുണ്ടാക്കിയ മെം വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. രസകരമായ വീഡിയോ ഇരു ചിത്രങ്ങളുടെയും ഫാൻസ് ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
Thanks for this, @mithunvasanth1 🙂 #KumbalangiNights fans and #Avengers fans brace yourselves! pic.twitter.com/DGYB4q8hOF
— Vivek (@ivivek_nambiar) July 15, 2019
ഷമ്മിയെന്ന വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ഫഹദ് വിസ്മയിപ്പിച്ച ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’.
ലോകമെമ്പാടും ആരാധകവൃന്ദമുള്ള ‘അവഞ്ചേഴ്സ്’ സീരിസിലെ അവസാന ചിത്രമായ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ ലോകസിനിമയിൽ തന്നെ മികച്ച വിജയം നേടിയ രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ‘ടൈറ്റാനിക്കി’ന്റെ റെക്കോർഡിനെ തറപ്പറ്റിച്ചാണ് ‘അവഞ്ചേഴ്സ്’ ഈ പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നത്. ‘അവഞ്ചേഴ്സി’ന്റെ വിജയത്തെ പ്രകീർത്തിച്ച് സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ രംഗത്തെത്തിയിരുന്നു. കാമറൂണിന്റെ തന്നെ ചിത്രമായ ‘അവതാർ’ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
ഏതാണ്ട് 35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ) മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണ് ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രിൽ 26 ന് ഇന്ത്യയിലെ 2,845 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
Read more: ബോക്സ് ഓഫീസിൽ ടൈറ്റാനിക്കിനെ മുക്കി അവഞ്ചേഴ്സ്
അവഞ്ചേഴ്സ് ഹോളിവുഡിലും ബോളിവുഡിലും തുടങ്ങി കേരളത്തിലെ തിയേറ്ററുകളെ വരെ പ്രകമ്പനം കൊള്ളിച്ചപ്പോൾ, മലയാള സിനിമയ്ക്കും ബോക്സ് ഓഫീസിനും ഉണർവ് നൽകികൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്യാം പുഷ്കരൻ ആയിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചു.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യനിർമ്മാണസംരംഭം കൂടിയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.
ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അന്ന ബെൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തെ പ്രശംസിച്ച് തമിഴ് നടൻ കാർത്തിയും രംഗത്തെത്തിയിരുന്നു. ‘വളരെ മനോഹരമായ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. തടസ്സമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണ്,’ എന്നാണ് ട്വിറ്ററിൽ കാര്‍ത്തി കുറിച്ചത്. ഒരിക്കല്‍ ഇതുപോലൊരു ചിത്രം ചെയ്യാനുള്ള ആഗ്രഹവും കാർത്തി പങ്കുവെച്ചിരുന്നു.
Read more: നാലാഴ്ച കൊണ്ട് 28 കോടി നേടി ‘കുമ്പളങ്ങി നൈറ്റ്സ്’; ഇതൊരു ചെറിയ സിനിമയുടെ വലിയ വിജയം