പൃഥിരാജിന്റെ ‘9’ എന്ന ചിത്രവും ഫഹദും ഷെയ്ൻ നിഗമും പ്രധാന വേഷത്തിലെത്തുന്ന ‘കുമ്പളങ്ങി നൈറ്റ്സും’ നാളെ തിയേറ്ററുകളിലെത്തുമ്പോൾ ബോക്സ് ഓഫീസിലെ മത്സരം പൃഥിയും ഫഹദും തമ്മിൽ മാത്രമല്ല, ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ റോളിലുള്ള സുപ്രിയ മേനോനും നസ്രിയയും തമ്മിൽ കൂടിയാണ്. യാദൃശ്ചികത പോലെ ഇരു ചിത്രങ്ങളുടെയും പിറകിൽ താരപത്നിമാർ ഉണ്ടെന്നതാണ് നാളത്തെ റിലീസുകളുടെ പിറകിലെ മറ്റൊരു കൗതുകം.
സുപ്രിയയ്ക്ക് ഇത് നിർമ്മാണരംഗത്തെ കന്നി സംരംഭമാണെങ്കിൽ ഒരു ചിത്രത്തിന്റെ അനുഭവപരിചയവുമായാണ് നസ്രിയ ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിക്കുന്നത്. ഫഹദിന്റെ മുൻചിത്രം ‘വരത്തന്റെ’ നിർമ്മാതാക്കളിൽ ഒരാൾ നസ്രിയയായിരുന്നു. ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമൊപ്പം ചേർന്നാണ് നസ്രിയ ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് നിർമ്മാണം. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയാണ് ‘വർക്കിങ്ങ് ക്ലാസ് ഹീറോ’.
Read more: കന്നിചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ്; ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹമെന്ന് സുപ്രിയ മേനോൻ
പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘9’ ന്റെ നിർമ്മാണം പൃഥിരാജും സുപ്രിയയും ചേർന്നാണ്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയൻ. സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്. കന്നിചിത്രമായ ‘9’ന്റെ നിർമ്മാണഘട്ടങ്ങളിൽ നിർമ്മാതാവിന്റെ വേഷത്തിൽ സജീവമായി തന്നെ സുപ്രിയയുണ്ട്. സിനിമയുടെ ചിത്രീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവായ സുപ്രിയയ്ക്ക് നല്ലൊരു ക്രെഡിറ്റുണ്ടെന്നാണ് സംവിധായകൻ ജെനൂസ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്, “എല്ലാം കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി തീർക്കാൻ സുപ്രിയയുടെ സഹായമുണ്ടായിരുന്നു. വളരെ ആക്റ്റീവായി തന്നെ ഈ സിനിമയ്ക്ക് പിറകിൽ സുപ്രിയയും പ്രവർത്തിച്ചിട്ടുണ്ട്.” ജെനൂസ് പറയുന്നു.
ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ‘9’ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ചിത്രമാണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ.
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്സി’നുണ്ട്.