‘പുള്ളാറങ്കുമാ’ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുകയാണ് ഷെയ്ൻ നിഗം, കൂടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ നൂറാംദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു ശ്യാം പുഷ്കരനൊപ്പമുള്ള ഷെയിൻ നിഗത്തിന്റെ നൃത്തം. ചിത്രത്തിന്റെ വിജയം ആടിയും പാടിയും ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അന്ന ബെൻ, ഗ്രേസ്, സിതാര കൃഷ്ണകുമാർ, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ, ഉണ്ണിമായ എന്നിവരെയും വീഡിയോയിൽ കാണാം. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം തിയേറ്ററുകളിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഈ വർഷം ആദ്യം മലയാള സിനിമയ്ക്കും ബോക്സ് ഒാഫീസിനും ഉണർവ് നൽകികൊണ്ടായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’ തിയേറ്ററുകളിലെത്തിയത്. അവകാശവാദങ്ങളൊന്നുമില്ലാതെ തീർത്തും സൈലന്റായി വന്ന് ബോക്സ് ഒാഫീസ് പിടിച്ചടക്കി ‘കുമ്പളങ്ങി നൈറ്റ്സ്’ മുന്നേറുന്ന കാഴ്ചയാണ് പിന്നെ പ്രേക്ഷകർ കണ്ടത്. ചിത്രം റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടപ്പോൾ തന്നെ 28 കോടി രൂപയോളം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരുന്നു.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യനിർമ്മാണസംരംഭം കൂടിയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.
Read more: ‘എനിക്കും ചെയ്യണം ഇതു പോലൊരു സിനിമ’; ‘കുമ്പളങ്ങിയുടെ രാത്രികള്‍’ കണ്ട് മയങ്ങി കാര്‍ത്തി
ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചു. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അന്ന ബെൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വയ്ക്കുന്നത്. പുതുമുഖമായെത്തിയ അന്ന ബെന്നും മാത്യു തോമസും തങ്ങളുടെ അരങ്ങേറ്റം ഹൃദ്യമാക്കി പ്രേക്ഷക ഹൃദയം കവരുകയാണ്.
ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തെ പ്രശംസിച്ച് തമിഴ് നടൻ കാർത്തിയും രംഗത്തെത്തിയിരുന്നു. ‘വളരെ മനോഹരമായ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. തടസ്സമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണ്,’ എന്നാണ് ട്വിറ്ററിൽ കാര്‍ത്തി കുറിച്ചത്. ഒരിക്കല്‍ ഇതുപോലൊരു ചിത്രം ചെയ്യാനുള്ള ആഗ്രഹവും കാർത്തി പങ്കുവെച്ചിരുന്നു.