കുട്ടികളുടെ സാന്നിധ്യം ഓരോ വീട്ടിലുമുണ്ടാക്കുന്ന മാറ്റങ്ങൾ ഏറെയാണ്. കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയും കൊഞ്ചലും കളിചിരികളുമെല്ലാം കണ്ടിരിക്കാൻ തോന്നുന്നത്രയും മനോഹരമാണ് പലപ്പോഴും. അടുത്തിടെ അച്ഛനായ കുഞ്ചാക്കോ ബോബന്റെ ലോകം ഇപ്പോൾ കുഞ്ഞു ഇസയ്ക്ക് ചുറ്റുമാണ്. ജോലിക്ക് പോകണോ അതോ കുഞ്ഞു ഇസയ്ക്ക് ഒപ്പം സമയം ചെലവഴിക്കണോ എന്ന കൺഫ്യൂഷനിലാണ് ചാക്കോൻ ഇപ്പോൾ. ഇസയെ വിട്ട് ഷൂട്ടിംഗിന് പോവാൻ പലപ്പോഴും മടിയാണെന്ന് സൂചിപ്പിക്കുകയാണ് ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ‘ഇതാണ് ആ ജോലിക്ക് പോവണോ ലുക്ക്’ എന്ന ക്യാപ്ഷനോടെയാണ് തന്റെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന് ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന് പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
Read more: ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്; പ്രിയ പറയുന്നു