പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെ ജീവിതം ഇപ്പോള്‍ എന്ന് അടുത്തിടെയാണ് ഭാര്യ പ്രിയ പറഞ്ഞത്. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍.

മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭാര്യ പ്രിയയും ഇക്കാര്യം പറഞ്ഞിരുന്നു.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

വൈകി വന്ന വസന്തത്തിന് ‘ഇസഹാക്ക്’ എന്നാണ് സ്‌നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നല്‍കിയിരിക്കുന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കുകയാണ് ചാക്കോച്ചനും പ്രിയയും.

Read More: ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്; പ്രിയ പറയുന്നു

മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്‌സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook