കേരളത്തിലെ ക്യാംപസുകളിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’. വലതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള കാംപസിൽ ഇടത് വിദ്യാർത്ഥി സംഘടന വെന്നിക്കൊടി പാറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമക്ക് വൻ സ്വീകരണം ലഭിക്കുന്പോൾ തന്നെ കെഎസ്‌യുകാരനായ നായകന്റെ കഥ എസ്എഫ്ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചിരിക്കുകയാണ് മെക്സിക്കൻ അപാരതയിലെന്ന് വാർത്തകൾ പരന്നിരുന്നു. അഭിനേതാവ് കൂടിയായ ജിനോ ജോണിന്റെ കഥയാണ് മെക്സിക്കൻ അപാരതയിൽ ‘ചുവപ്പിച്ച്’ അവതരിപ്പിച്ചതെന്നായിരുന്നു ആരോപണം.

എറണാകുളം മഹാരാജാസ് കോളേജിലെ 34 വർഷത്തെ എസ്എഫ്ഐ കുത്തകയ്ക്ക് തടയിട്ട് കെഎസ്‌യു കൊടി പാറിച്ച ചെയർമാൻ ആയിരുന്നു ജിനോ ജോൺ. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിനോ മെക്സിക്കൻ അപാരതയിലും ഒരു കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോൾ തന്റെ ‘യഥാർത്ഥ’ കഥ സിനിമയാക്കുകയാണ് ജിനോ ജോൺ. ‘ബ്ലൂ ഇസ് ദി വാമെസ്റ്റ് കളർ’ എന്നാണ് ചിത്രത്തിന്റെ പേര്. ജിനോ തന്നെയാണ് നായക വേഷം അവതരിപ്പിക്കുന്നത്. സംവിധാനവും ജിനോ തന്നെ.

ബ്ലൂ ഇസ് ദി വാമെസ്റ്റ് കളറിന്റെ വിശേഷങ്ങൾ ജിനോ ജോൺ ഐഇ മലയാളത്തോട് പങ്ക് വച്ചു. മെക്സിക്കൻ അപാരതയിൽ മാറ്റി അവതരിപ്പിച്ച തന്റെ കഥ ശരിയായ രീതിയിൽ ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ജിനോ പറയുന്നു. കഥ സമാനമാണെങ്കിലും അവതരണത്തിൽ തികച്ചും വ്യത്യസ്തമായായിരിക്കും ‘ബ്ലൂ ഇസ് ദി വാമെസ്റ്റ് കളർ’ അവതരിപ്പിക്കുകയെന്ന് ജിനോ പറയുന്നു. അതോടൊപ്പം ഒരു പ്രമുഖ കോൺഗ്രസ് നേതാവായിരിക്കും സിനിമയുടെ നിർമാതാവ് എന്ന വസ്തുതയും ജിനോ ഐഇ മലയാളത്തോട് വെളിപ്പെടുത്തി. മാത്രമല്ല ചില യുവ കോൺഗ്രസ് എംഎൽഎമാരും സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും ജിനോ അറിയിക്കുന്നു.

Jino

‘മെക്സിക്കൻ അപാരതയിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിൽ ആണ് ബ്ലൂ ഇസ് ദി വാമെസ്റ്റ് കളർ ചിത്രീകരിക്കുക. സിനിമയുടെ സ്റ്റൈൽ തന്നെ വ്യത്യസ്തമായിരിക്കും. ബിഗ് ബജറ്റിലുള്ള സിനിമയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ചിത്രം നിർമിക്കാമെന്നേറ്റിട്ടുണ്ട്. മാത്രമല്ല, ചില കോൺഗ്രസ് എംഎൽഎമാരും ചിത്രത്തിൽ അഭിനേതാക്കളായി എത്തും’ ജിനോ ജോൺ വിശദീകരിക്കുന്നു.

ബ്ലൂ ഇസ് ദി വാമെസ്റ്റ് കളറിന് മുന്നോടിയായി മറ്റൊരു സിനിമയും ജിനോ സംവിധാനം ചെയ്യുന്നുണ്ട്. ‘വായില്ലാകുന്നിലപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് ശേഷമായിരിക്കും ജിനോ ബ്ലൂ ഇസ് ദി വാമെസ്റ്റ് കളറിന്റെ ജോലികൾ ആരംഭിക്കുക. ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകനായ ടോം ഇമ്മട്ടി വായില്ലാകുന്നിലപ്പനിൽ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജിനോ അറിയിച്ചു.

നിലവിൽ മനോജ് വര്‍ഗീസ് പാറേക്കാട്ടിൽ സംവിധാനം ചെയ്യുന്ന ‘ക്യൂബന്‍ കോളനി’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജിനോ ജോൺ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ