ടി.കെ. രാജീവ് കുമാറിന്റെ ക്ഷണക്കത്ത് ചിത്രം മലയാളികൾ മറക്കാനിടയില്ല. പൂച്ചക്കണ്ണുളള നായകനും ചുരുണ്ട മുടിക്കാരിയായ നായികയും ഒപ്പം മനോഹര ഗാനങ്ങളും 27 വർഷങ്ങൾക്കുശേഷവും ചിത്രത്തെ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാക്കുന്നുണ്ട്.

വർഷങ്ങൾക്കുശേഷം ചിത്രത്തിലെ നായകൻ നിയാസ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. പക്ഷേ ക്ഷണക്കത്തിലെ നടിയെ പിന്നീടാരും കണ്ടില്ല. ക്ഷണക്കത്തിലൂടെ നായികയായി എത്തിയ ആതിര പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല.

എന്നാലിതാ ക്ലബ് എഫ്എം യുഎഇയിലൂടെ വർഷങ്ങൾക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ആതിര. നടൻ നിയാസ് പങ്കെടുത്ത ഷോയിലാണ് ആതിരയും ഒപ്പം ചേർന്നത്. നിയാസിന് സർപ്രൈസ് നൽകിക്കൊണ്ട് ആർജെ ആതിരയെ ഫോൺ വിളിക്കുകയായിരുന്നു. ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

ക്ഷണക്കത്ത് സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങൾ ആതിര ഓർത്തടുത്തു. ക്ഷണക്കത്തിലെ പാട്ടുകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് ആതിര പറഞ്ഞു. സല്ലാപം കവിതയായ് എന്ന പാട്ട് ഊട്ടിയിൽ ചിത്രീകരിച്ചപ്പോഴുണ്ടായ ഓർമകളും ആതിര പ്രേക്ഷകരോട് പങ്കുവച്ചു.

മാത്രമല്ല മറ്റൊരു കാര്യവും ആതിര വെളിപ്പെടുത്തി. തന്റെ യഥാര്‍ത്ഥ പേര് പാര്‍വതി എന്നാണെന്നും അന്ന് നടി പാര്‍വതി ഉള്ളതിനാല്‍ ആതിര എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും ആതിര പറഞ്ഞു. ഇപ്പോൾ കുടുംബവുമൊത്ത് തിരുവനന്തപുരത്താണ് ആതിര താമസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ