കൊച്ചി. അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ തന്‍റെ നീണ്ട സംഗീത ജീവിതത്തില്‍ മലയാളത്തില്‍ ഒരു ഗാനം മാത്രമാണ് ആലപിച്ചിരിക്കുന്നത്. ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ’.. എന്ന ഗാനമാണത്. ഇന്നും മലയാളിയുടെ നാവിന്‍ തുമ്പില്‍ മായാതെ കിടക്കുന്ന ചുരുക്കം പാട്ടുകളിലൊന്നാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
ലതാ മങ്കേഷ്കറിന്‍റെ മരണത്തിന് പിന്നാലെ ‘കദളി കണ്‍കദളി’ പാടി ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് മലയാളികളുടെ വാനമ്പാടിയായ കെ. എസ്. ചിത്ര. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ചിത്ര പങ്കു വച്ചിരിക്കുന്നത്. ഇന്നലെ പ്രേക്ഷകരിലെത്തിയ വിഡീയോയ്ക്ക് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ചിത്രയുടെ ശബ്ദത്തിനെ പുകഴ്ത്തിയാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ലതാ മങ്കേഷ്കര്‍ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക ചിത്രയാണെന്ന് പറഞ്ഞവരുമുണ്ട്. പാട്ടിന്‍റെ വരികളിലെ സാഹിത്യം മനസിലായത് ചിത്ര പാടിയപ്പോഴാണെന്നും അഭിപ്രായമുണ്ട്. ലതാ മങ്കേഷ്കറിന് ഇതിലും മികച്ച ട്രിബ്യൂട്ട് നല്‍കാനില്ലെന്നും ചിലര്‍ പറയുന്നു.
1974 ല്‍ പുറത്തിറങ്ങിയ ‘നെല്ല്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കദളി കണ്‍കദളി.’ വയലാര്‍ രാമവര്‍മയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയത് സലില്‍ ചൗധരി. രാമു കാര്യാട്ടാണ് ‘നെല്ല്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
Also Read: തിയേറ്ററുകളില്‍ ആരവം തീരത്ത് മോഹന്‍ലാലിന്‍റെ ‘ആറാട്ട്’