മുംബൈ: മോഹൻലാലിനെതിരെ പരിഹാസവുമായി രംഗത്ത് വന്ന ബോളിവുഡ് നടൻ കമാൽ ആർ. ഖാൻ ആരാധകരേയും അധിക്ഷേപിച്ച് വിവാദത്തിന് ആക്കംകൂട്ടി. ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ ഛോട്ടാ ഭീമെന്ന് വിളിച്ച് കളിയാക്കിയ കെആര്‍കെ ആരാധകരെ വിഢികളെന്ന് വിളിച്ച് വീണ്ടും രംഗത്തെത്തി.

തനിക്ക് 37 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടെന്നും മോഹന്‍ലാലിന് വെറും 17 ലക്ഷത്തോളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഢികളായ മോഹന്‍ലാല്‍ ആരാധകര്‍ ആരാണ് വലിയ താരമെന്ന് കണക്കുകൂട്ടി നോക്കണമെന്നും പറഞ്ഞു.

സിനിമയിലെ ഏറ്റവും മോശം പ്രകടനത്തിന് നല്‍കുന്ന ഗണ്ട അവാര്‍ഡിന് പോലും അര്‍ഹനല്ലാത്ത മധൂര്‍ ഭണ്ഡാര്‍ക്കറിന് മൂന്ന് ദശീയ പുരസ്കാരവും പദ്മശ്രീയും ഉണ്ടെന്നും കെആര്‍കെ പരിഹസിച്ചു.
1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടി നിർമ്മിക്കുന്ന ചിത്രം എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഭീമനായി താൻ വരുമെന്ന് മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ഈ വാർത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ബോളിവുഡിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അമിതാഭ് ബച്ചൻ ഭീഷ്മരുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാർത്ത പരന്നതോടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലാകുമെന്ന നിലയിൽ ഈ സിനിമയെ വാർത്തകളിലൂടെ അടയാളപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ ഛോട്ടാ ഭീമെന്ന നിലയിൽ പരിഹസിച്ചുള്ള ട്വിറ്റർ പോസ്റ്റ്. “മോഹൻലാൽ സാറിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക”യെന്നുമാണ് കെആർകെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത്.
ബി.ആർ.ഷെട്ടി ഇത്രയധികം പണം പാഴാക്കിക്കളയുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

എന്നാൽ വാർത്ത പുറത്ത് വന്നതോടെ കമാൽ ആർ.ഖാൻ സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒന്നടങ്കം ആക്രമിച്ചു. ഇംഗ്ളീഷിലും ഹിന്ദിയിലും മാത്രമല്ല, മലയാളത്തിൽ പോലും സിനിമാ പ്രേമികൾ കെആർകെയ്ക്ക് പൊങ്കാലയിട്ടു. ഇതിന് പിന്നാലെയാണ് ഫാന്‍സിനെയും അധിക്ഷേപിച്ച് അദ്ദേഹം രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ