മോഹന്‍ലാലും ആമിര്‍ഖാനും മമ്മൂട്ടിക്കും സാക്ഷാല്‍ ബാഹുബലിക്കും ശേഷം ബോളിവുഡ് ‘വിമര്‍ശകന്‍’ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെയുടെ അടുത്ത ഉന്നം തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്താണ്.

ബോളിവുഡിലാണെങ്കില്‍ അജിത്തിന് അച്ഛന്‍ വേഷമേ കിട്ടൂ എന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. നിങ്ങളെ പോലുള്ള വയസന്മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുക. എങ്ങനെയാണ് തമിഴ്‌നാട്ടുകാര്‍ നിങ്ങളെ നായകനാക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ലെന്നും കെആര്‍കെ പറഞ്ഞു.

രണ്ടു വർഷം മുമ്പും കെആർകെ അജിത്തിനെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റു ചെയ്തിരുന്നു. വെറുമൊരു വസസന്‍ സെക്യൂരിറ്റിക്കാരനെ പോലിരിക്കുന്ന അജിത്താണോ തമിഴരുടെ ഹീറോ എന്നാണ് കെആര്‍കെ അന്നു ട്വീറ്റ് ചെയ്തത്.

നേരത്തേ മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ചു പരിഹസിച്ച കെആര്‍കെ മലയാളികളുടെ പൊങ്കാലകള്‍ കുറേ ഏറ്റുവാങ്ങിയതാണ്. സിനിമാ നിരൂപണത്തെക്കാള്‍ ഇത്തരം വിവാദ പരാമര്‍ശങ്ങളിലൂടെയാണ് ആളുകള്‍ കെആര്‍കെയെ കൂടുതല്‍ അറിയുന്നത്.

വംശീയവും ജാതീയവുമായ പരിഹാസങ്ങള്‍ക്കു പുറമെ നടിമാരുടെ ശരീരഭാഗങ്ങളെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതും കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ നിരവധി പേരെ കെആര്‍കെ ഇത്തരത്തില്‍ അധിക്ഷേപിച്ചിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ