അന്തരിച്ച പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ‘ദിൽ ബെച്ചാര’യുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലർ റിലീസ് ചെയ്തതു മുതൽ ഓരോരുത്തരും സുശാന്തിനെ വളരെയധികം മിസ് ചെയ്യുകയാണ്. ഈ അവസരത്തിൽ സുശാന്ത് കൂടെയില്ലാത്തതിന്റെ വേദനയാണ് എല്ലാവരിലും. സുശാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ കൃതി സനോണും ഈ വേദനയിലാണ്.
Read More: വേദനയായി സുശാന്ത്; അവസാനചിത്രം ‘ദിൽ ബെച്ചാര’ ട്രെയിലർ
ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ട് കൃതി കുറിച്ചതിങ്ങനെ: “ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും!”
സുശാന്തിന്റെ മരണത്തെ തുടർന്ന് കൃതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഹൃദയഭേദകമായിരുന്നു. നിനക്കൊപ്പം പോയത് എന്റെ പാതി ഹൃദയമാണെന്നായിരുന്നു ഏറെ വൈകാരികമായ കുറിപ്പിൽ കൃതി പറഞ്ഞത്. ‘റാബ്ത’ എന്ന ചിത്രത്തിൽ സുശാന്തും കൃതിയുമായിരുന്നു മുഖ്യ വേഷത്തിൽ.
Read More: എന്റെ പാതി ഹൃദയം കൊണ്ടാണ് നീ പോയത്; സുശാന്തിന്റെ ഓർമകളിൽ കൂട്ടുകാരി കൃതി സനോൺ
“സുശ്, എനിക്കറിയാം ബുദ്ധിമാനായ മനസ്സ് നിന്റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നുപോകാൻ നിനക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു… നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ നിലനിർത്തും. നിന്റെ സന്തോഷത്തിനായുള്ള പ്രാർത്ഥനകൾ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമതിന് കഴിയില്ല.”
സിനിമാ ഇൻഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കൾ ആരെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ സുശാന്ത് പറഞ്ഞത്, കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ചബ്ര, കൃതി സനോൺ, രോഹിണി അയ്യർ എന്നിവരുടെ പേരുകളായിരുന്നു. സുശാന്തിന്റെ സംസ്കാരചടങ്ങിന് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ മുകേഷ് ചബ്രയും കൃതി സനോണും എത്തിച്ചേരുകയും ചെയ്തിരുന്നു.