scorecardresearch

ഇതെന്റെ സ്വപ്നസാക്ഷാത്കാരം: കൃഷ്ണ പ്രഭ

സിത്താറു പോലുള്ള അപൂർവ്വമായ  വാദ്യോപകരണങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ജൈനികയിൽ പഠിപ്പിക്കും

സിത്താറു പോലുള്ള അപൂർവ്വമായ  വാദ്യോപകരണങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ജൈനികയിൽ പഠിപ്പിക്കും

author-image
Dhanya K Vilayil
New Update
ഇതെന്റെ സ്വപ്നസാക്ഷാത്കാരം: കൃഷ്ണ പ്രഭ

മലയാളസിനിമയിലെ മൾട്ടി ടാസ്കറും സകലകലാവല്ലഭയുമായ അഭിനേത്രിമാരിൽ ഒരാളാണ് കൃഷ്ണപ്രഭ. നടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ഏറെ ശ്രദ്ധേയയായ കൃഷ്ണപ്രഭയുടെ വലിയൊരു സ്വപ്നം പൂവണിഞ്ഞ ദിവസമായിരുന്നു ഇന്ന്. കൊച്ചി  പനംമ്പിള്ളി നഗറിൽ സ്വന്തമായൊരു ആർട്സ് സ്കൂൾ ആരംഭിക്കുക എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കൃഷ്ണപ്രഭ. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ജൈനിക സ്കൂൾ ഓഫ് ആർട്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Advertisment

publive-image

publive-image

'ജൈനിക'യുടെ ഉദ്ഘാടത്തിന് ഹൈബി ഈഡൻ, രമേഷ് പിഷാരടി, മിയ, ആര്യ, സംവിധായകൻമാരായ അരുൺഗോപി, ജിനു വി. എബ്രഹാം എന്നു തുടങ്ങി നിരവധി പേർ എത്തിയിരുന്നു. ഏറെനാളായി മനസ്സിൽ കൊണ്ടു നടന്ന 'ജൈനിക'യെ കുറിച്ചും  സിനിമാവിശേഷങ്ങളെ കുറിച്ചും കൃഷ്ണപ്രഭ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

" മൂന്നുവയസ്സു മുതൽ നൃത്തം പഠിക്കുന്ന ആളാണ് ഞാൻ. നൃത്തം എന്നും പാഷനാണ്. എന്നാൽ ജൈനിക ഒരു ഡാൻസ് അക്കാദമി മാത്രമല്ല. ഡാൻസിനൊപ്പം തന്നെ വോക്കൽസ്, ഇൻസ്ട്രമെന്റ്സ്,  നാടൻപ്പാട്ട്, പെയിന്റിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരു സെന്റർ എന്ന രീതിയിലാണ് ജൈനികയെ വിഭാവനം ചെയ്യുന്നത്. സിത്താറു പോലുള്ള അപൂർവ്വമായ  വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം തന്നെ നാടൻ പാട്ടുകൾ അതിന്റെ ബേസിക്സോടെ പഠിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഡാൻസിൽ ഭരതനാട്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഭരനാട്യത്തെക്കുറിച്ച്‌ കൂടുതല്‍ അവബോധം പകരുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം," കൃഷ്ണപ്രഭ പറയുന്നു.

ഭരതനാട്യത്തിൽ ഒന്നാം റാങ്കുകാരിയാണ് കൃഷ്ണപ്രഭ. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഭരതനാട്യത്തിൽ കൃഷ്ണ റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ഒരു വര്‍ഷം ബെംഗളൂരുവില്‍ താമസിച്ച് നൃത്തം അഭ്യസിക്കുകയായിരുന്നു കൃഷ്ണപ്രഭ.

Advertisment

ഒരു തലമുറയ്ക്ക് നൃത്തത്തെയും മറ്റു കലാരൂപങ്ങളെയും പരിചയപ്പെടുത്തുക.  ഒരുപാട് സമയവും ഉത്തരവാദിത്വവുമെല്ലാം ആവശ്യമുള്ള ഒരു സംരംഭം. എന്താണ് ഇങ്ങനെയൊരു ആർട്സ് സ്കൂൾ തുടങ്ങാനുള്ള  പ്രചോദനം?

ഞാൻ മുൻപു പറഞ്ഞില്ലേ, വളരെ ചെറുപ്പത്തിൽ, മൂന്നു വയസ്സുമുതൽ ഡാൻസ് പഠിച്ചു തുടങ്ങിയതാണ്. കലാമണ്ഡലം സുഗന്ധി ടീച്ചറുടെ കീഴിലാണ് പഠിച്ചത്. പിന്നെ യൂത്ത് ഫെസ്റ്റിവലിനൊക്കെ വേണ്ടി കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും വേറെ ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിച്ചു. നൃത്തം എന്നും പാഷൻ തന്നെയാണ്. പക്ഷേ എനിക്ക് പഠിക്കാൻ പറ്റാതെ പോയ കാര്യങ്ങളാണ് വാദ്യോപകരണങ്ങളുടെ പഠനം. അതുകൊണ്ട് തന്നെ, എന്നെങ്കിലും ഇൻസ്ട്രമെന്റ്സ് പഠിപ്പിക്കുന്ന ഒരു സ്കൂൾ തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ ഫീസ് ഒക്കെ ഈടാക്കി ഒരു ബിസിനസ്സ് എന്ന രീതിയിൽ അല്ല, പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ഫീസ് മാത്രം വാങ്ങി അവർക്കിഷ്ടമുള്ള കല അഭ്യസിക്കാൻ ഒരിടം ഒരുക്കുക എന്നതായിരുന്നു എന്നും ഡ്രീം.

പലരും യൂത്ത് ഫെസ്റ്റിവലുകൾ മുന്നിൽ കണ്ടാണ് കല പഠിക്കുന്നത്.  ബേസിക് ആയ കാര്യങ്ങൾ പഠിക്കാത്തതുകൊണ്ടു തന്നെ തിയറി, അതാത് കലാരൂപത്തിന്റെ ഉത്പത്തി അതിനെ കുറിച്ചൊന്നും പലർക്കും അറിയില്ല. പ്രാക്ടിക്കല്‍, തിയററ്റിക്കല്‍ ക്ലാസുകള്‍ ഉള്‍ക്കൊള്ളിച്ച പഠനരീതിയിലൂടെ ഒരാള്‍ക്കുള്ളിലുള്ള കലാപ്രതിഭയെ കണ്ടെത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു ഗുരുവെന്ന രീതിയിൽ സ്വയം മുന്നിൽ നിന്ന് പഠിപ്പിക്കുന്നതിനേക്കാൾ, ഓരോ കലയിലെയും മാസ്റ്റേഴ്സ് ആയ ആളുകളെ കൊണ്ടുവന്ന് ക്ലാസ്സുകൾ എടുക്കാനാണ് ശ്രമം. ഇവിടെ എത്തുന്ന ശിഷ്യർക്കൊപ്പം ഞാനും ഒരു സ്റ്റുഡന്റ് ആയി എല്ലാം പഠിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്നു.

publive-image

എന്തൊക്കെയാണ് കൃഷ്ണയുടെ പുതിയ സിനിമാവിശേഷങ്ങൾ?

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള് രാമേന്ദ്രൻ' ആണ് ഉടനെ റിലീസ് ആവാനുള്ള ചിത്രം. ചാക്കോച്ചന്റെ ഓപ്പോസിറ്റ് വരുന്ന ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെന്നു തോന്നിപ്പിക്കുന്ന ഒരു റോൾ. നല്ലൊരു ക്യാരക്ടർ റോൾ കൂടിയാണ്. റാണി എന്നാണ് കഥാപാത്രത്തിന്റെ പേര്. പുതുമുഖങ്ങളുടെ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട്' എന്നൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

publive-image

വളരെ സ്ലിം ആയിരിക്കുന്നല്ലോ, നൃത്തം തന്നെയാണോ ഇതിനു പിന്നിലെ രഹസ്യം?

ഇതു യോഗ ഇഫക്റ്റ് ആണ്. ഒരു വർഷം മുൻപ് സിനിമയിൽ ഒരു കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കാനാണ് യോഗ പരിശീലിച്ചു തുടങ്ങിയത്. ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് യോഗ ഇഷ്ടമായി. ഇപ്പോൾ ഒരു വർഷമായി യോഗയും ഉണ്ട് കൂട്ടിന്.

Mammootty Miya Dance Ramesh Pisharadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: