മലയാളവും കടന്ന് തമിഴിലേക്ക് ശക്തമായ ചുവടുവെപ്പ് നടത്തുകയാണ് നടൻ ജോജു ജോർജ്. ധനുഷ്, കാർത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിര’ത്തിൽ ഒരു സുപ്രധാന റോളിൽ ജോജുവും ഉണ്ട്. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയാണ്.
ജോജുവിനെ കുറിച്ച് നടൻ കൃഷ്ണശങ്കർ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!അതുപോലെ, മലയാള സിനിമയിൽ തന്റെ കഠിനാധ്വാനം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്, നിങ്ങൾ ഞങ്ങൾക്കൊക്കെ പ്രചോദനമാണ്,” കൃഷ്ണശങ്കർ കുറിക്കുന്നു.

സൂപ്പർ ഹിറ്റ് ചിത്രമായ പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒപ്പം ധനുഷിന്റെ നാല്പതാമത്തെ ചിത്രം എന്ന സവിശേഷതയും ‘ജഗമേ തന്തിര’ത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഗ്യാങ്സ്റ്റർ കഥ പറയുന്ന ജഗമേ തന്തിരത്തിൽ ജോജുവിനെ കൂടാതെ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നു നിർമ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തിൽ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സന്തോഷ് നാരായണൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിർവ്വഹിച്ചിരിക്കുന്നു.
Read more: കുടുക്കിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടുമെന്ന് കൃഷ്ണശങ്കർ; വീഡിയോ