കഴിഞ്ഞ ദിവസം അന്തരിച്ച കൃഷ്ണാ രാജ് കപൂറിന്റെ പ്രാര്‍ത്ഥനാ യോഗം ഇന്നലെ മുംബൈയില്‍ നടന്നു. ബോളിവുഡിലെ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മുന്‍കാല താരം രാജ് കപൂറിന്റെ പത്നിയും ആര്‍കെ സ്റ്റുഡിയോസ് ഉടമയുമാണ് കൃഷ്ണാ രാജ് കപൂര്‍. കുടുംബത്തിലെ ഒട്ടുമിക്ക പേരും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കൃഷ്ണാ-രാജ് കപൂര്‍ കുടുംബം ബോളിവുഡിന്റെ ഫസ്റ്റ് ഫാമിലി എന്നാണ് അറിയപ്പെട്ടിരുന്നത്.
അമിതാഭ് ബച്ചന്, ജയാ ബച്ചന്, ഐശ്വര്യാ റായ്, രേഖ, ശബാന ആസ്മി, സൈഫ് അലി ഖാന്, ബോണി കപൂര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കു ചേര്‍ന്നു.
1946ല്‍ നടന് രാജ് കപൂറിനെ വിവാഹം കഴിച്ച കൃഷ്ണ, ഋഷി, രന്ധീര്, രാജീവ്, ഋതു, റിമ എന്നിവരുടെ അമ്മയുമായി. കൊച്ചു മക്കള്‍ കരിഷ്മ, കരീന, രൺബീര്‍ തുടങ്ങി കുടുംബാംഗങ്ങള്‍ പലരും സിനിമാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബത്തിലെ തലമുതിര്‍ന്ന അംഗമായിരുന്നു കൃഷ്ണ. ഈയടുത്താണ് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന രാജ് കപൂര്‍ സ്റ്റുഡിയോ വിൽക്കാൻ തീരുമാനമായത്.