മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനാണ് കൃഷ്ണകുമാർ. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഡാൻസും പാട്ടും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.

മക്കൾ ബോറടി മാറ്റാനായി വീടിനകത്ത് ഡാൻസ് കളിച്ചും വീഡിയോ പിടിച്ചുമൊക്കെ നടക്കുമ്പോൾ അമ്മ സിന്ധുവിന് പരാതി നിറഞ്ഞു കവിയുന്ന ഫോണിലെ സ്റ്റോറേജ് സ്പെയ്സിനെ ഓർത്താണ്. ഫോൺ മക്കളെ കാണാതെ എവിടേലും ഒളിപ്പിച്ചു വെക്കേണ്ടിയിരിക്കുന്നു എന്നാണ് സിന്ധു പറയുന്നത്. ഹൻസികയും ദിയയും ഒന്നിച്ചുള്ള ഒരു ഡാൻസിന്റെ വീഡിയോ ആണ് സിന്ധു പങ്കുവച്ചിരിക്കുന്നത്.

‘കാതലൻ’ ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നൽകി പ്രഭുദേവ ഹിറ്റാക്കി മാറ്റിയ ‘മുക്കാല മുക്കാബുല’ എന്ന പാട്ടിന് അനുസരിച്ചാണ് ഹൻസികയും ദിയയും ചുവടുവെയ്ക്കുന്നത്.

മുൻപ് അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് വീടിനകത്ത് ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ കൃഷ്ണകുമാറും പങ്കുവച്ചിരുന്നു. വീട്ടിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കും ഞങ്ങളുടെ വക ഒരു എന്റർടെയിൻമെന്റ് എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. നാലു പേർക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത്.

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook