മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്ന്.
“പഴയൊരു ബാങ്ക് പാസ്ബുക്കിലുണ്ടായിരുന്ന ഞങ്ങളുടെ ഒരു പഴയ ചിത്രം ഇന്ന് കിച്ചു കണ്ടുപിടിച്ചു. കല്യാണശേഷം ഞങ്ങളാദ്യം ആരംഭിച്ച ജോയിന്റ് അക്കൗണ്ടിനു വേണ്ടിയായിരുന്നു ഇത്. എന്റെ സ്വർണം ലോക്കറിൽ സൂക്ഷിക്കാനായി തുടങ്ങിയ അക്കൗണ്ട്. തമാശ എന്താണെന്നു വെച്ചാൽ, എനിക്ക് കുറച്ച് പൊക്കം തോന്നാനായി ആ സ്റ്റുഡിയോക്കാരൻ ചെയറിന്റെ പൊക്കം കൂട്ടിവെച്ചു. ഞങ്ങൾ അവസാനമായി എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഒന്നു കൂടിയാവും ഇത്,” ചിത്രം പങ്കുവച്ചുകൊണ്ട് സിന്ധു കുറിക്കുന്നു.
Read more: പത്തുമിനിറ്റ് കൊണ്ട് ലിപ്‌സ്റ്റിക് കുപ്പി കാലിയാക്കിയ വികൃതിക്കുട്ടി; ഈ ബാലതാരത്തെ മനസ്സിലായോ?
എന്നാൽ ചിത്രത്തിലെ സിന്ധുവിന് അഹാനയുമായുള്ള രൂപസാദൃശ്യം ചൂണ്ടികാട്ടുകയാണ് കമന്റുകളിലൂടെ ആളുകൾ. അഹാനയെ പോലെയിരിക്കുന്നു എന്നാണ് ഒരുകൂട്ടം ആളുകളുടെ കണ്ടെത്തൽ. ഇഷാനിയുമായും ഛായയുണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും കുടുംബവും.
ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് ഇഷാനി.