ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഡാൻസും പാട്ടും ടിക്‌ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.
മക്കളായ ഹൻസികയും ദിയയും ഒന്നിച്ചുള്ള ഏതാനും ടിക്‌ടോക് വീഡിയോകൾ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ ഇപ്പോൾ. “ചിരിക്കൂ, സന്തോഷമായിരിക്കൂ,” എന്നാണ് കൃഷ്ണകുമാർ കുറിക്കുന്നത്. ‘തിളക്കം’ സിനിമയിൽ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹൻസുവും ദിയയും ടിക്‌ടോകിൽ അവതരിപ്പിക്കുന്നത്. മറ്റൊരു വീഡിയോയിൽ ദിലീപ്- സുരാജ് വെഞ്ഞാറമൂട് കോമ്പോയിലാണ് ഇരുവരും എത്തുന്നത്.
മുൻപ് അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് വീടിനകത്ത് ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ കൃഷ്ണകുമാറും പങ്കുവച്ചിരുന്നു. വീട്ടിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കും ഞങ്ങളുടെ വക ഒരു എന്റർടെയിൻമെന്റ് എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. നാലു പേർക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത്.
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ