നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
മകൾ ദിയയ്ക്ക് ഒപ്പം ദുബായ് യാത്രയ്ക്കിടെ പകർത്തിയ കൃഷ്ണകുമാറിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷാർജ ടു ഷാർജ എന്ന ചിത്രത്തിലെ ‘ദിൽ ദിൽ സലാം സലാം’ എന്ന ചിത്രത്തിന് ചുവടുവെയ്ക്കുകയാണ് കൃഷ്ണകുമാറും ദിയയും.
മുൻപും ഇരുവരും ഒന്നിച്ചുള്ള ടിക്‌ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെയായിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ഡാൻസ് വീഡിയോകളും കവർ വേർഷനുകളുമൊക്കെയായി വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ദിയയ്ക്കും സാധിച്ചിട്ടുണ്ട്.