ഐ.വി.ശശി എന്ന സംവിധായകനെ കൃഷ്ണചന്ദ്രനും വനിത കൃഷ്ണ ചന്ദ്രനും ഒരിക്കലും മറക്കാനാവില്ല. ഐ.വി.ശശി സംവിധാനം ചെയ്ത ‘ഈ നാട്’ എന്ന ചിത്രമാണ് കൃഷ്ണ ചന്ദ്രന്റെ ജീവിതസഖിയായി വനിതയെ മാറ്റിയത്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 1982 ൽ പുറത്തിറങ്ങിയ ‘ഈ നാട്’. കൃഷ്ണ ചന്ദ്രൻ എന്ന ഗായകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ഐ.വി. ശശിയാണ്. കൃഷ്ണ ചന്ദ്രനിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെ ആദ്യമായി തിരിച്ചറിഞ്ഞതും ഐ.വി.ശശി തന്നെ. ഐ.വി.ശശിയെക്കുറിച്ചുളള ഓർമകൾ കൃഷ്ണചന്ദ്രനും വനിത കൃഷ്ണചന്ദ്രനും ഐഇ മലയാളത്തോട് പങ്കുവയ്ക്കുന്നു.

”മൂന്നു വലിയ മനുഷ്യർ ഉളളതുകൊണ്ടാണ് സിനിമാ മേഖലയിലേക്ക് ഞാൻ എത്തിയത്. അഭിനേതാവാക്കി മലയാള സിനിമയ്ക്ക് എന്നെ പരിചയപ്പെുത്തിയ പത്മരാജൻ സർ, പിന്നെ ഭരതേട്ടൻ. ഇവർ രണ്ടുപേരും വിട്ടു പോയിട്ട് കുറേക്കാലമായി. മലയാള സിനിമാ സംഗീത രംഗത്തേക്കുളള എന്നെ കൈപിടിച്ചു കയറ്റിയത് ശശിയേട്ടനാണ്. എനിക്ക് സിനിമയിൽ ആദ്യമായി അദ്ദേഹം പാടാൻ അവസരം തന്നു. അദ്ദേഹത്തിന്റെ ഇണ എന്ന സിനിമയിൽ എന്നെക്കൊണ്ട് പാടിപ്പിച്ചു. കോഴിക്കോട് ഒരു പരിപാടിയിൽ വച്ചാണ് എന്റെ പാട്ട് അദ്ദേഹം കേൾക്കുന്നത്. അപ്പോൾ തന്നെ സ്റ്റേജിനു പുറകിൽ ശശിയേട്ടനും സീമ ചേച്ചിയും വന്നു. അടുത്ത സിനിമയിൽ എന്റെ മുഴുവൻ പാട്ടും നീ പാടും എന്ന് വാക്കു പറഞ്ഞു. പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു. ‘ഇണ’ എന്ന ചിത്രത്തിൽ എനിക്ക് പാടാൻ അവസരം തന്നു. പിന്നീട് അദ്ദേഹത്തിന്റെ കുറേ ചിത്രങ്ങളിൽ പാടി.”

“ഡബ്ബിങ് ആർട്ടിസ്റ്റ് ആക്കി എന്നെ മാറ്റിയതും ശശിയേട്ടനാണ്. ‘കാണാമറയത്ത്’ സിനിമയിൽ റഹ്മാന് ആണ് ആദ്യമായി ശബ്ദം നൽകുന്നത്. ‘കൂടെവിടെ’ എന്നതിനുശേഷമുളള റഹ്മാന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘കാണാമറയത്ത്’. ആ സമയത്ത് റഹ്മാന് ശബ്ദം നൽകാൻ വേണ്ടി ഒരാളെ അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് റഹ്മാന് നിനക്ക് ശബ്ദം കൊടുത്ത് നോക്കിക്കൂടേയെന്നു ശശിയേട്ടൻ എന്നോട് ചോദിക്കുന്നത്. അങ്ങനെയാണ് ഞാൻ ആദ്യമായി ശബ്ദം നൽകുന്നത്. തുടർന്നിങ്ങോട്ട് അദ്ദേഹത്തിന്റെ തന്നെ ഒരുപാട് ചിത്രങ്ങൾക്ക് ഡബ് ചെയ്തു.”

അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളിൽ മാത്രമേ ഞാൻ അഭിനയിച്ചിട്ടുളളൂ. പക്ഷേ എനിക്ക് ഒരുപാട് പിന്തുണ നൽകിയ സംവിധായകനാണ്. മൂന്നു മാസങ്ങൾക്കു മുൻപ് മോഹൻലാലിന്റെ ‘ലാൽസലാം’ എന്ന പരിപാടിയിലാണ് അവസാനമായി കണ്ടത്. പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. അന്നു ഒപ്പംനിന്ന് ഒരു ചിത്രമെടുത്തു. അദ്ദേഹവുമായുളള അവസാനത്തെ കൂടിക്കാഴ്ചയും അവസാനത്തെ ഫോട്ടോയും അതായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.

മോഹൻലാലിന്റെ ലാൽസലാം എന്ന പരിപാടിക്കെത്തിയപ്പോൾ ഐ.വി.ശശിയ്ക്കൊപ്പം എടുത്ത ചിത്രം

ജീവിതത്തിലും ശശിയേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല. ശശിയേട്ടന്റെ ‘ഈ നാട്’ ചിത്രത്തിലൂടെയാണ് വനിതയെ ഞാൻ പരിചയപ്പെടുന്നത്. വനിതയോട് പ്രണയം തോന്നിയതും ആ സിനിമയുടെ സെറ്റിൽവച്ചാണ്. സെറ്റിൽവച്ച് ഞങ്ങളുടെ ചില പെരുമാറ്റങ്ങളിൽനിന്നും അദ്ദേഹത്തിന് ചിലതൊക്കെ മനസ്സിലായെന്നു തോന്നുന്നു. പക്ഷേ അദ്ദേഹം അതിനെപ്പറ്റിയൊന്നും കൂടുതൽ പറയുന്ന വ്യക്തിയല്ല. കോഴിക്കോടും മഹാറാണി ഹോട്ടലും ശശിയേട്ടനെയും ഒരിക്കലും മറക്കാനാവില്ല.

സെറ്റിൽ ശശിയേട്ടൻ കർക്കശനായിരുന്നു. നന്നായിട്ട് ദേഷ്യവരും. ദേഷ്യം വരുമ്പോൾ നല്ല ചീത്ത പറയും. ചീത്ത എന്നു പറയുന്നത് കഴുതക്കുട്ടി, കുതിരക്കുട്ടിയെന്നോ എന്നു വിളിക്കുന്നതാണ്. ഭയങ്കര ദേഷ്യം വരുമ്പോൾ എന്താടാ കഴുതക്കുട്ടി, എന്താടാ നീ ചെയ്യുന്നതെന്ന് ചോദിക്കും. ഒരു ഷോട്ട് ശരിയാകാൻ വേണ്ടി എത്ര തവണ വേണമെങ്കിലും ഷൂട്ട് ചെയ്യും. ‘കാന്തവലയം’ ചിത്രത്തിൽ സീമ ചേച്ചിയുടെ അനുജനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ മദ്യപിച്ച് വീട്ടിലക്ക് വരുമ്പോൾ സീമചേച്ചി എന്നെ അടിക്കുന്ന സീനുണ്ട്. സാധാരണ ഒരു സംവിധായകൻ ആണെങ്കിൽ അടിക്കുന്ന സീൻ ഒരു ആംഗിളിൽവച്ച് ഷൂട്ട് ചെയ്യും. പക്ഷേ അദ്ദേഹം ഒരു ഷോട്ട് മൂന്നു നാലു ആംഗിളിൽ അടിക്കും. സീമ ചേച്ചി കൈ പൊക്കുന്നതും, എന്റെ മുഖത്ത് വയ്ക്കുന്നതും, അടിക്കുന്നതും എന്നിങ്ങനെ നാലഞ്ച് ഷോട്ടുകൾ. ഇത്രയും തവണ ഷോട്ട് എടുക്കുമ്പോഴും നമ്മൾ അടി കൊളളണം. എഡിറ്റ് ചെയ്തു വരുമ്പോൾ സീൻ കാണാൻ നല്ല ഭംഗിയായിരിക്കും. പക്ഷേ അടികൊളളുന്നത് ഞാനാണ്. അന്ന് എന്റെ കണ്ണിൽ കൂടി പൊന്നീച്ച പറന്നിട്ടുണ്ട്, പക്ഷേ ശശിയേട്ടന് അതൊന്നും ഒരു പ്രശ്നവുമില്ല. നമ്മൾ കരഞ്ഞോ എന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമില്ല. അദ്ദേഹത്തിന് ഷോട്ട് നന്നായിട്ട് കിട്ടണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല.

ഈ നാടിൽ ‘തട്ടടി ശോശാമ്മേ’ എന്ന പാട്ട് ഞാൻ പാടിയിട്ടുണ്ട്. ഒരു താമശ പാട്ട്. ആ പാട്ടിന്റെ റെക്കോർഡിങ് ചെയ്ത് തിരിച്ചു വീട്ടിലെത്തിയപ്പോൾ ചിത്രത്തിന്റെ പ്രൊഡ്യൂസേഴ്സ് വിളിച്ചു. പാടിയ പാട്ട് എന്നെക്കൊണ്ട് തന്നെ അഭിനയിപ്പിച്ചാലോ എന്ന് ശശിയേട്ടനും ദാമോദരൻ മാഷും ആലോചിക്കുന്നു. ഉടനെ ഓഫിസിലേക്ക് വരണം എന്ന് പറഞ്ഞു. അവിടെ വച്ച് തന്നെ എനിക്ക് അഡ്വാൻസ് തന്നു. അങ്ങനെയാണ് ഈ നാടിൽ അഭിനയിക്കുന്നത്. ശശിയേട്ടന്റെ വിയോഗം അത് ഏറെ ദുഃഖമുളവാക്കുന്നുവെന്നും കൃഷ്ണ ചന്ദ്രന്റെ വാക്കുകൾ.

krishna chandran, vanitha krishna chandran, iv sasi

ശശിയേട്ടനെപ്പോലെ വലിയൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്ന് വനിത കൃഷ്ണ ചന്ദ്രൻ. അദ്ദേഹത്തിനൊപ്പം ഇന്നല്ലെങ്കിൽ നാളെ, ഈ നാട്, കൈകേയി എന്നിങ്ങനെ മൂന്നു പടം ചെയ്തു. മലയാളത്തിലെ എന്റെ ബ്രേക്ക് ഈ നാടായിരുന്നു. നല്ലൊരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. ശശിയേട്ടന്റെ സെറ്റിൽ ഒരുപാട് വലിയ താരങ്ങൾ ഉണ്ടായിരിക്കും. പക്ഷേ ഒട്ടും ബഹളം ഇല്ലാത്ത സെറ്റായിരിക്കും. കുടുംബപരമായി ശശിയേട്ടനുമായും സീമ ചേച്ചിയുമായും വളരെ അടുപ്പമുണ്ട്.

സീമ ചേച്ചിയുമായി വളരെ അടുത്ത ബന്ധമുണ്ട്. എന്റെ പിറന്നാളിന് ചേച്ചി എപ്പോഴും വിളിക്കും. പാതയ് മാറിനാൾ ആയിരുന്നു എന്റെ ആദ്യ തമിഴ് ചിത്രം. അതിൽ സീമ ചേച്ചി അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഞാനും ചേച്ചിയും ആയിട്ടുളള ഷോട്ടിൽ സ്ക്രിപ്റ്റ് ഇല്ലാതെ തന്നെ ചേച്ചി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. മകൾ അനുവിനെ സീമ ചേച്ചി സെറ്റിൽ കൊണ്ടുവരും. അവിടെ വച്ച് അനുവിനെ ഞങ്ങളെല്ലാം ചേർന്ന് കുളിപ്പിക്കും. ഇതൊക്കെ ഇപ്പോഴും ഓർമ വരും. എപ്പോഴും തളരാത്ത ഒരു വ്യക്തിയാണ് സീമ ചേച്ചി. ഏതു പ്രതിസന്ധിയും ധൈര്യപൂർവം നേരിടും. ശശിയേട്ടന്റെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. ശശിയേട്ടനെ പോലെ വലിയൊരാളുടെ ചിത്രത്തിൽ നല്ലൊരു കഥാപാത്രം ചെയ്യാനായതിൽ അഭിമാനം തോന്നുന്നുവെന്നും വനിത കൃഷ്ണ ചന്ദ്രൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ