കൊച്ചി: കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന് ഫഹദ് ഫാസില്‍. ജാതീയതയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ കുട്ടികള്‍ക്കൊപ്പമാണെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം.
വിഷയം എല്ലാവരും ചര്‍ച്ച ചെയ്ത് ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. ഇന്നലെയാണ് കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ശങ്കര്‍ മോഹന്‍ രാജിവച്ചത്. ശങ്കര്‍ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. വിദ്യര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ സ്വയം ഒഴിയാന്‍ ശങ്കര്‍ മോഹന്‍ നിര്‍ബന്ധിതനായത്. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
എന്നാല്‍ ചെയര്‍മാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫഹദ് ഫാസില്‍ വിഷയത്തില്‍ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.