പ്രണയം പറഞ്ഞ് വീണ്ടുമൊരു മണിരത്നം ചിത്രം കൂടി ഏപ്രിൽ ഏഴിന് തിയേറ്ററിലെത്തുകയാണ്, കാട്രു വെളിയിടൈ. കാർത്തിയും അദിതി റാവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു ഡോക്‌ടറും പൈലറ്റും തമ്മിലുളള പ്രണയ കഥയാണ് ഈ മണിരത്നം ചിത്രം. ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ കെപിഎസി ലളിതയും ഈ മണിരത്നം ചിത്രത്തിന്റെ ഭാഗമാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും കെപിഎസി ലളിത ഐഇ മലയാളത്തോട് സംസാരിക്കുന്നു.
ശ്രീനഗർ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്‌സായ അച്ചാമ്മയായാണ് കാട്രു വെളിയിടൈയിലെത്തുന്നത്. സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായിരിക്കും അച്ചാമ്മ എന്ന നഴ്‌സ്. മലയാളവും തമിഴും ഇടകലർത്തി സംസാരിക്കുന്ന എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുളള സ്ത്രീയാണവർ. കഥാപാത്രത്തെ കുറിച്ച് കെപിഎസി ലളിതയുടെ വാക്കുകൾ.
‘മൂന്ന് നാലു ദിവസം നീണ്ട് നിൽക്കുന്ന ഷൂട്ടിങ് നടന്നത് മൂന്നാറിലായിരുന്നു. അദിതി റാവു, കാർത്തി എന്നിവരുമായി കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു’
മണിരത്നമെന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ വളരെ നല്ല മനുഷ്യനാണദ്ദേഹമെന്നാണ് മലയാളത്തിന്റെ പ്രിയങ്കരിയായ നടി പറഞ്ഞത്. “രാപ്പകലില്ലാതെ സിനിമയ്‌ക്കായി ഓടിനടക്കുന്ന വ്യക്തിയാണ് മണിരത്നം. വളരെയധികം ബഹുമാനം തോന്നി അദ്ദേഹത്തോട്. ഏതൊരു അഭിനേതാവായാലും വെറുതെ ക്യാമറയ്‌ക്ക് മുന്നിൽ കൊണ്ടു നിർത്താതെ പ്രാധാന്യമുളള വേഷങ്ങൾ നൽകുന്ന സംവിധായകനാണദ്ദേഹം.”
ഇതിന് മുൻപ് മണിരത്നത്തിന്റെ അലൈപായുതേ എന്ന സിനിമയിൽ കെപിഎസി ലളിത അഭിനയിച്ചിരുന്നു. മാധവന്റെ അമ്മ വേഷമായിരുന്നു അലൈപായുതേയിലേത്. “നല്ലൊരു കഥാപാത്രമായിരുന്നു അത്. ഒരുപാട് സാധ്യതകളുളള വളരെ ശക്തമായൊരു വേഷം. കാട്രു വെളിയിടൈയിലും അങ്ങനെ തന്നെയാണ്. ഒരു പാട് അഭിനയ സാധ്യതകളുളള കഥാപാത്രമാണ് അച്ചാമ്മയും”.
അച്ചാമ്മയ്‌ക്ക് ശബ്‌ദം നൽകിയതിനെ പറ്റിയും ഒരു പാട് നല്ല ഓർമ്മകൾ പങ്ക് വയ്ക്കാനുണ്ട് കെപിഎസി ലളിതയ്‌ക്ക്. “ഞാൻ തന്നെ ഡബ്ബ് ചെയ്യണമെന്ന വാശിയും നിർബന്ധവുമുണ്ടായിരുന്നു മണിരത്നത്തിന്. ആദ്യം ഡബ്ബിങ് തീയതി തീരുമാനിച്ചപ്പോൾ പല കാരണങ്ങളാൽ പോവാൻ സാധിച്ചില്ല. പിന്നീട് ഒരു ദിവസം രാവിലെ ചെന്നൈയിൽ പോയി ചെയ്‌തു. മണിരത്നവും ഡബ്ബിങ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. മുഴുവൻ കേട്ടതിന് ശേഷം വന്ന് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.”