കൊച്ചി: മലയാള സിനിമയുടെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സ്പീക്കര്‍ എം.ബി രാജേഷ്, കെ. കെ. ഷൈലജ ടീച്ചര്‍, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അനുശോചനം അറിയിച്ചു.
തനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു നടന് മമ്മൂട്ടിയുടെ പ്രതികരണം. കെപിഎസി ലളിതയുടെ ഭവനത്തില്‍ നേരിട്ടെത്തി മോഹന്‍ലാല്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒരുപാട് സിനിമകളിലൊന്നും ഒപ്പം അഭിനയിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും എന്നും അടുപ്പമുള്ളയാളായിരുന്നു ലളിത ചേച്ചിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ് കെപിഎസി ലളിതയ്ക്കെന്ന് മഞ്ജു വാര്യര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് പൃഥ്വിരാജ് സുകുമാരന്‍ അനുസ്മരിച്ചു.
രോഗബാധിതയായി ചികിത്സയിലായിരുന്ന കെപിഎസി ലളിതയുടെ അന്ത്യം തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കെപിഎസി ലളിത. ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
Also Read: അഭിനയ വിസ്മയത്തിന് വിട; കെപിഎസി ലളിത അന്തരിച്ചു
കെപിഎസി ലളിതയുടെ ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ പതിനൊന്ന് വരെ തൃപ്പൂണിത്തുറയിൽ പൊതുദർശ്ശനത്തിനു വെച്ചശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി ഔദ്ദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും.
Read more: കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നിൽക്കരുത്; നൊമ്പരമായി ആ വാക്കുകൾ
ഭാവം കൊണ്ടു മാത്രമല്ല, ശബ്ദം കൊണ്ടും ഒരു വിസ്മയ ലോകം സൃഷ്ടിക്കാൻ കെപിഎസി ലളിതയ്ക്കു സാധിച്ചു. മതിലുകളിലെ നാരായണിയെ ഒരാളും കണ്ടില്ല, മമ്മൂട്ടിയുടെ ‘ബഷീർ’ പോലും. പക്ഷേ നാരായണിയെ കുറിച്ചോർക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും ഉള്ളിലേക്ക് ഓടിയെത്തുക കെപിഎസി ലളിതയുടെ മുഖമാണ്.
https://malayalam.indianexpress.com/entertainment/actress-kpac-lalitha-life-cinema-620805/
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട…
https://www.facebook.com/theManjuWarrier/posts/525493565599813
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നെന്ന് കെപിഎസി ലളിതയുടെ വിയോഗത്തില്‍ മമ്മൂട്ടി പറഞ്ഞു.
കെ പി എ സി ലളിത ചേച്ചി ഇനിയില്ല.
വാർത്ത അറിഞ്ഞപ്പോൾ സത്യമാകരുതേയെന്ന് ഏറെ ആശിച്ചു. എല്ലാ അർത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയൽക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങൾ. ചിരിപ്പിക്കാനും കരയിപ്പിക്കാനും കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ കാണികളിലേക്ക് പകരാനും അസാമാന്യമായ വൈഭവം ചേച്ചിക്ക് ഉണ്ടായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളിലൂടെ ലളിതചേച്ചി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അസുഖബാധിതയായി ചികിത്സയിൽ ആയപ്പോൾ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോൾ ഉടനെ സജീവമായി തിരിച്ചെത്തും എന്നും പ്രതീക്ഷിച്ചു. അതുണ്ടായില്ല, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി ചേച്ചി വിടവാങ്ങിയിരിക്കുന്നു. സിനിമാലോകത്തെ സംബന്ധിച്ചു അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത വിടവാണിത്. ചേച്ചിയുടെ കുടുംബത്തിന്റെയും മലയാളി സമൂഹത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെ.പി.എ.സി.ലളിത. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെ.പി.എ.സി.ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല. മലയാളസിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക് ആദരാജ്ഞലി. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.