scorecardresearch
Latest News

വല്ലാതെ മിസ്സ് ചെയ്യുന്നു അമ്മേ; കെപിഎസി ലളിതയെ ഓർത്ത് സിദ്ധാർത്ഥ്

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ ഓർമകൾക്ക് ഒരാണ്ട്

k p s c lalitha, k p s c lalitha death anniversary

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അമ്മയുടെ ഒന്നാം ചരമവാർഷികത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഒരു വർഷമായി. കുടുംബക്കാർക്കും അയൽക്കാർക്കും സുഹൃത്തുക്കൾക്കുമായി ചെറിയൊരു ഒത്തുചേരലുണ്ട്, അതിലേക്ക് ഓരോരുത്തരെയായി ക്ഷണിക്കുമ്പോൾ എല്ലാവരും പറയുന്നത്, ഒരു വർഷം പെട്ടന്ന് കടന്നു പോയി എന്നാണ്. എനിക്ക് പക്ഷേ ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മന്ദഗതിയിലുള്ള വർഷമാണിത്. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ വികാരമെന്തെന്ന് പറയാൻ വാക്കുകളൊന്നും മതിയാകില്ല. അമ്മയെ ഓർക്കുന്നത് ഈ ദിവസം മാത്രമല്ല,” സിദ്ധാർത്ഥ് കുറിച്ചു.

നടി മഞ്ജു പിള്ളയും കെപിഎസി ലളിതയുടെ ഓർമകൾ പങ്കിടുകയാണ്. കെപിഎസി ലളിതയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം പരമ്പരയിലെ കെപിഎസി ലളിതയുടെയും മഞ്ജുവിന്റെയും അമ്മായിയമ്മ- മരുമകൾ കഥാപാത്രങ്ങൾ ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.

നടൻ സിദ്ധാർത്ഥ് ഭരതനെ കൂടാതെ ശ്രീക്കുട്ടി എന്നൊരു മകൾ കൂടിയുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kpac lalitha death anniversary sidharth bharathan