മലയാളത്തിന്റെ അഭിനയപ്രതിഭ കെപിഎസി ലളിതയ്‌ക്ക് ഇന്ന് സപ്‌തതി. 1947 ഫെബ്രുവരി 25ന് ആറന്മുളയിൽ ജനിച്ച മഹേശ്വരി അമ്മ എന്ന കെപിഎസി ലളിതയ്‌ക്ക് 70-ാം പിറന്നാളിന്റെ മധുരം. അഭിനയ പാരമ്പര്യത്തിന്റെ പിൻബലമില്ലാതെ വന്ന ലളിത പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. കെപിഎസി എന്ന നാല് അക്ഷരങ്ങൾക്ക് നാടക ട്രൂപ്പിന്റെ പേരിനപ്പുറം ഒരു അതുല്യ പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞത് അഭിനയ വൈദഗ്‌ദ്യത്തിന്റെ തെളിവായി.

നാടക നടിയായി അഭിനയ ജീവിതം ആരംഭിച്ച മഹേശ്വരി അമ്മ ‘ഗീതയുടെ ബലി’ എന്ന നാടകത്തിലൂടെയാണ് ആദ്യമായി സ്റ്റേജിലെത്തുന്നത്. പിന്നീട് കെപിഎസി എന്ന നാടക ട്രൂപ്പിൽ ചേർന്ന ശേഷം 1969ലാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിലെത്തിയപ്പോൾ ലളിത എന്ന പേര് സ്വീകരിച്ച അവരുടെ പേരിന്റെ കൂടെ കെപിഎസി എന്നു കൂടി ചേർക്കുകയായിരുന്നു.

നാടകത്തിലും സിനിമയിലും തിളങ്ങി നിന്ന ലളിത കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്‌ത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കെത്തുന്നത്.​ 500ലധികം ചിത്രങ്ങളിൽ പല വേഷങ്ങളിൽ എത്തി ലളിത പ്രേക്ഷകരെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌തു. ഏത് വേഷവും ഏത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ലളിത തെളിയിച്ചു.

സംവിധായകൻ ഭരതനെ 1978ൽ വിവാഹം ചെയ്‌ത ലളിത അതിനു ശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിന്നു. എന്നാൽ പിന്നീട് 1983ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന ലളിത നിരവധി മികച്ച സംവിധായകരുടെയും മികച്ച സിനിമകളുടെയും ഭാഗമായി. ഇതിനിടെ ഭരതന്റെ മരണം ലളിതയെ വല്ലാതെ ഉലച്ചിരുന്നെങ്കിലും സിനിമയിലേക്ക് സജീവമായി അവർ തിരിച്ചുവന്നു. സംവിധായകനും നടനുമായ സിദ്ധാർഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.

സിനിമയിൽ മാത്രമല്ല സീരിയലുകളിലൂടെയും ലളിത പ്രേക്ഷകരെ കൈയ്യിലെടുത്തു. ഇതിനു പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ്, പരസ്യ ചിത്രങ്ങൾ, ആൽബങ്ങൾ, ടിവി ഷോകൾ എന്നിവയിലൂടെയും ലളിത എന്നും പ്രേക്ഷകരുടെ വീട്ടിലെ ഒരംഗമായി മാറി.

മലയാളത്തിനു പുറമേ ചില തമിഴ് ചിത്രങ്ങളിലും ലളിത തന്റെ സാന്നിധ്യമറിയിച്ചു. 1990, 2000 വർഷങ്ങളിലായി രണ്ടു തവണ മികച്ച സഹനടിക്കുളള​ ദേശീയ അവാർഡ് ഈ അതുല്യ പ്രതിഭയെ തേടിയെത്തി. അമരം, ശാന്തം എന്നീ ചിത്രങ്ങൾക്കായിരുന്നു പുരസ്‌കാരം. നാല് തവണ മികച്ച സഹനടിക്കുളള​ കേരള സംസ്ഥാന അവാർഡും സ്വന്തമാക്കിയ അവർ മറ്റ് നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.

ഇനിയും നിരവധി നല്ല വേഷങ്ങളും പുരസ്‌കാരങ്ങളും മലയാളത്തിന്റെ അഭിനയ ശ്രീയെ തേടി എത്തട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. ഒപ്പം ജന്മദിനത്തിന്റെ എല്ലാ മംഗളങ്ങളും…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ