കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനെതിരെ ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത്. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് രണ്ടാം ഭാഗം ഇറക്കാനാകില്ലെന്ന് സംവിധായകൻ ടി.എസ്.സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിത്രത്തിന്റെ പകർപ്പവകാശം പോലും നേടാതെ നടത്തിയ ഈ പ്രഖ്യാപനം നിയമപരമായി തെറ്റാണ്. പുതിയ ചിത്രത്തിന്റെ സംവിധായകനോ നിർമ്മാതാവോ പ്രഖ്യാപനത്തിനു മുൻപ് ഞാനുമായി സംസാരിച്ചിട്ടില്ല. കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ചെയ്യാനാവില്ല. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം അപ്പൂട്ടനെന്നോ പേരിടാം. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പഴയ സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചത് തെറ്റാണെന്നും സുരേഷ് ബാബു പറഞ്ഞു.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു.

അതേസമയം, കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകർപ്പവകാശം നൽകിയിട്ടില്ലെന്ന് ആദ്യ സിനിമയുടെ നിർമ്മാതാവ് അരോമ മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണിയറക്കാർ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സിനിമയുടെ പേരും പോസ്റ്ററും ഉൾപ്പെടുത്തി ഇനിയും മുന്നോട്ട് പോയാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ വിജയാഘോഷവേളയിലാണ് കോട്ടയം കുഞ്ഞച്ചൻ 2 വിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രം ഔദ്യോഗികമായി അനൗൺസ് ചെയ്തത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ