കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘കൂമന്‍’. നവംബര്‍ നാലിനു തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തിനു സമകാലീക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന അഭിപ്രായം ആരാധകരില്‍ നിന്നു ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍. ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അണിയറപ്രവര്‍ത്തകര്‍ പലരും സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ടു ഞെട്ടിയെന്നു വേണം പറയാന്‍. സിനിമയിലുളള ചില കാര്യങ്ങള്‍ അതു പോലെ തന്നെ സംഭവിക്കുന്നു. ഇതു 2018 ല്‍ എനിക്കു തോന്നിയ ചിന്തയില്‍ നിന്നു രചിച്ച തിരക്കഥയാണ്’ കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ എഴുതിയ കാര്യങ്ങള്‍ അതുപോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചപ്പോള്‍ അതിശയം തോന്നിയെന്നു കൃഷ്ണകുമാര്‍ പറയുന്നു. ചിലര്‍ തങ്ങള്‍ ഇല്യൂമിനാറ്റിയാണോ എന്നു ചോദിച്ചെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ പലര്‍ക്കും തോന്നാതിരുന്ന കണക്ഷന്‍ സിനിമ കണ്ടപ്പോള്‍ തോന്നിയെന്നും കൃഷ്ണകുമാന്‍ പറഞ്ഞു.
ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് ഫ്രേയിംസ് അവതരിപ്പിച്ച ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ഹന്ന റെജി കോശി, ബാബുരാജ്, ബൈജു, പോളി വല്‍സന്‍, മേഘനാഥന്‍ എന്നിവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നത്. വിഷ്ണു ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് ഐസക് പോള്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.