Kooman OTT: ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലർ ചിത്രമാണ് ‘കൂമൻ’. ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥയും പരിസരവുമൊക്കെ ജീത്തു ജോസഫ് സിനിമകളുടെ പൊതു സ്വഭാവമാണ്. ‘ദൃശ്യം’ അടക്കമുള്ള, ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം വളരെ പതുക്കെ കഥയെയും പരിസരത്തെയും കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയുമൊക്കെ പ്രേക്ഷകരിൽ എത്തിച്ചാണ് കഥ പറഞ്ഞു തുടങ്ങാറുള്ളത്. ‘കൂമനും’ അതേ പാത തന്നെയാണ് പിന്തുടരുന്നത്. തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലിസ് സ്റ്റേഷനും അവിടെയുള്ള വളരെ സ്വഭാവികമായ കാഴ്ചകളുമാണ് ‘കുമനി’ലുളളത്.
രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ബൈജു, ബാബുരാജ്, ഹന്ന റെജി കോശി, ജയൻ ചേർത്തല, പോളി വിൽസൻ, മേഘനാഥൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം നവംബർ 4 നാണ് റിലീസ് ചെയ്തത്.ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് വി എസ് വിനായത് നിർവ്വഹിക്കുന്നു. വിഷ്ണു ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.