മലയാളത്തിലെ കൊമേഴ്സ്യൽ ഹിറ്റുകളൊരുക്കിയ ആദ്യ വനിതാ സംവിധായിക അഞ്ജലി മേനോന്റെ പുതിയ ചിത്രം ‘കൂടെ’ രണ്ടാം വാരവും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ നസീം എന്നിവരാണ് ‘കൂടെ’യിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബന്ധങ്ങളെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തന്നെയാണ് അഞ്ജലി മേനോന്‍ ഇത്തവണയും തന്റെ ചിത്രത്തിലൂടെ പറയുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വ എന്ന കേന്ദ്രകഥപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. പൃഥ്വിരാജിന്റെ സഹോദരി ജെനിയായി നസ്രിയയും കാമുകി സോഫി എന്ന കഥാപാത്രമായി പാര്‍വ്വതിയും എത്തുന്നു.

നിരവധി പ്രത്യേകതകളോടെയാണ് ‘കൂടെ’ റിലീസിനെത്തിയത്. അഞ്ജലി മേനോന്‍ എന്ന സംവിധായിക തന്നെയാണ് ആദ്യ പ്രത്യേകത. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം മാത്രമല്ല, നസ്രിയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കൂടെ’. മലയാളത്തിലെ ഹിറ്റ് ജോഡികളായി പൃഥ്വിരാജ്-പാര്‍വ്വതി എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു, മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ നൂറാം ചിത്രം, നടന്‍ രഞ്ജിത് ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു, രഘു ദീക്ഷിത് ആദ്യമായി മലയാലത്തില്‍ സംഗീതമൊരുക്കുന്ന ചിത്രം, ലിറ്റില്‍ സ്വയംപിന്റെ ക്യാമറ എന്നീ സവിശേഷതകളെല്ലാം ‘കൂടെ’യുടെ മാറ്റുകൂട്ടുന്നതായിരുന്നു.

ജൂലൈ പതിനാലിനാണ് ചിത്രം റിലീസ് ചെയ്തത്. 21ന് ചിത്രം കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളിലും പ്രദര്‍ശനമാരംഭിച്ചു. കേരളത്തിനു പുറത്തുനിന്നും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് മാധ്യമങ്ങളിലും മികവുറ്റ നിരൂപണങ്ങള്‍ ചിത്രത്തെക്കുറിച്ച് ഇതിനോടകം വന്നു കഴിഞ്ഞു.

‘മഞ്ചാടിക്കുരു’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി മേനോന്‍ എന്ന സംവിധായിക മലയാള സിനിമയുടെ ഭാഗമാകുന്നതെങ്കിലും അതിനു മുന്നേ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ‘കേരള കഫെ’യില്‍ ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രത്തിലാണ് അഞ്ജലിയുടെ വേറിട്ട ശബ്ദം മലയാളികള്‍ ആദ്യം കേള്‍ക്കുന്നത്. പിന്നീട് ‘ഉസ്താദ് ഹോട്ടലിന്’ തിരക്കഥയൊരുക്കിയ അഞ്ജലി മേനോന്‍ മലയാളത്തിലെ സമീപകാല മെഗാഹിറ്റുകളില്‍ ഒന്നായ ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രവും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ അഞ്ജലിയുടെ ‘കൂടെ’യും മെഗാഹിറ്റിലേക്ക് എന്നാണ് റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ