അഞ്ജലി മേനോന്റെ പുതിയ ചിത്രം കൂടെയിലെ ഗാനത്തിന്റെ ടീസർ പുറത്തുവന്നു. ആരോ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നത്. ടീസറിൽ നസ്രിയയെയാണ് കാണാനാവുക. നസ്രിയയുടെ കണ്ണുകളാണ് ടീസറിൽ ശ്രദ്ധേയം.

വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം നസ്രിയ സിനിമയിലേക്ക് മടങ്ങിവരികയാണ് കൂടെയിലൂടെ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ ഷെയർ ചെയ്‌തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് വൈറലായിരുന്നു. ”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്‌ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More: നാലു വർഷങ്ങൾ അവൾ വേണ്ടെന്നുവച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്: ഫഹദ് ഫാസിൽ

പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നൊരുക്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കലാസംവിധാനം അരവിന്ദ് അശോക് കുമാര്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.

Read More: ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ ചിത്രീകരണത്തിനിടെ ഫഹദ് പറഞ്ഞത് ഇപ്പോള്‍ സത്യമായി: അഞ്ജലി മേനോന്‍

മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍. പുതിയ ചിത്രത്തിന്റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ