കേരളം കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ അഭിനേതാക്കളാക്കി അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രം. താര സാന്നിദ്ധ്യം കൊണ്ടും അഞ്ജലി മേനോന്റെ മുന്‍ ചിത്രമായ ‘ബാംഗ്ലൂര്‍ ഡേയ്സ്’ കാഴ്ച വച്ച വലിയ വിജയം കൊണ്ടും ‘കൂടെ’യ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. നാളെ റിലീസ് ആകാന്‍ പോകുന്ന ചിത്രത്തിലെ ഗാനങ്ങള്‍ മാത്രമാണ് ഇത് വരെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്നിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിലെ ഈ അതി മനോഹരമായ ഗാനങ്ങളാണ് ഇപ്പോള്‍ ഇപ്പോള്‍ എല്ലാ മലയാളികളുടേയും ചുണ്ടുകളില്‍. ‘കനവു പോല്‍ കൂടെ ആരോ’, ‘മിന്നാമിന്നി’ എന്നീ ഗാനങ്ങള്‍ ഇന്റര്‍നെറ്റിലും തരംഗമാവുകയാണ്. മലയാളികള്‍ക്ക് അത്ര കണ്ട പരിചിതമല്ലാത്ത ശബ്ദങ്ങളാണ് രണ്ടു ഗാനങ്ങള്‍ക്കും പിന്നില്‍. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ആന്‍ ആമിയാണ് ‘കനവു പോല്‍ കൂടെ ആരോ’ എന്ന ഗാനം ആലപിച്ചത്. ‘മിന്നാമിന്നി’ക്ക് ശബ്ദമായത് ഹിന്ദി ഗായകന് അഭയ് ജോധ്പുര്കറുമാണ്. ആനിന്റെ ഒമ്പതാമത്തെ സിനിമയാണ് ‘കൂടെ’. അഭയും നേരത്തേ രണ്ടു മലയാളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തങ്ങളുടെ ‘കൂടെ’ അനുഭവങ്ങളെക്കുറിച്ച് ഇരുവരും ഐ ഇ മലയാളത്തോട് മനസു തുറക്കുന്നു.
“ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പാട്ടില്‍ ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു പക്ഷെ ഇത്ര വലിയൊരു ഹിറ്റാകും എന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. ഇതെന്റെ ഒമ്പതാമത്തെ പാട്ടാണ്. ‘കൂടെ’യിലെ ടൈറ്റില്‍ ട്രാക്കും ഞാന്‍ തന്നെയാണ് പാടിയിട്ടുള്ളത്. പിന്നണി ഗാനരംഗത്തെത്തിയതിനു ശേഷമുള്ള എന്റെ പത്താമത്തെ പാട്ടാണത്. ഇത്രയും പാട്ടുകള്‍ പാടിയിട്ടും കിട്ടാത്തൊരു റെസ്പോണ്‍സാണ് കൂടെയിലെ ‘ആരാരോ’ പാടിയതിനു ശേഷം ലഭിക്കുന്നത്. ഒരുപാട് സന്തോഷം, സ്നേഹം”, ആനിന്റെ വാക്കുകളില്‍ നിറയുന്ന സന്തോഷം.
ഹിന്ദിയിലും തമിഴിലുമെല്ലാം പാടിയിട്ടുള്ള അഭയ്ക്ക് മലയാളം അല്പം പ്രയാസമായിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
“മലയാളത്തില്‍ മൂന്നാമത്തെ പാട്ടാണ്. മലയാളം പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഉച്ഛാരണമൊക്കെ. എന്റെ അടുത്ത സുഹൃത്തായ ജോര്‍ജീനാ മാത്യുവിനാണ് ആദ്യം നന്ദി പറയേണ്ടത്. മലയാളിയാണ് ജോര്‍ജീന. എന്നെ മലയാളം പഠിക്കാന്‍ സഹായിച്ചത് കക്ഷിയാണ്. പിന്നെ ജയചന്ദ്രന് സാറും അങ്ങേയറ്റം ക്ഷമ കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നന്നായി പാടാന്‍ സാധിച്ചത്. പാടുന്ന സമയത്ത് ഈ പാട്ടൊരു ഹിറ്റാകുമെന്നോ അല്ലെങ്കില്‍ അതിന്റെ റിസള്ട്ടിനെക്കുറിച്ചോ ഒന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ ബെസ്റ്റ് എന്താണോ അത് നല്കാന് ശ്രമിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങളാണ് ‘മിന്നാമിന്നി’ എന്ന പാട്ടിനെ കുറിച്ച് ഇതുവരെ ലഭിച്ചത്. ആത്മാവിനെ ഉണര്‍ത്തുന്ന ജയചന്ദന്‍ സാറിന്റെ സംഗീതവും, ഹൃദയത്തെ സ്പര്‍ശിക്കുന്ന റഫീഖ് അഹമ്മദ് സാറിന്റെ വരികളുമാണ് അതിന്റെ പ്രധാന കാരണങ്ങള്‍. ഈ ഗാനം ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നു എന്നറിയുന്നത് ഒരുതരം സംതൃപ്തിയാണ് നല്‍കുന്നത്. ചിത്രവും അതുപോലെ തന്നെയാകട്ടെ എന്ന് ആശംസിക്കുന്നു”,അഭയ് പറയുന്നു.
‘ആരാരോ’ എന്ന ഗാനത്തിന്റെ ക്രെഡിറ്റും സംഗീത സംവിധായകന് രഘു ദീക്ഷിത്തിനാണെന്ന് ആനും അടുവരയിടുന്നു.
“രഘുവിന്റെ ആദ്യ മലയാള ചിത്രമാണ് ‘കൂടെ’. കന്നഡ സിനിമയാണ് അദ്ദേഹത്തിന്റെ മേഖല. ഒരു സംഗീത സംവിധായകന് മാത്രമല്ല, നല്ലൊരു ഗായകനും പെര്‍ഫോമറും കൂടിയാണ് രഘു. ഒരുപാട് പുതിയ കാര്യങ്ങള്‍ രഘുവില്‍ നിന്നും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പാട്ട് ഹിറ്റായതിന്റെ പ്രധാന കാരണം അദ്ദേഹം തന്നെയാണ്”. ആന്‍ വെളിപ്പെടുത്തി.
അഞ്ജലി മേനോന് ചിത്രത്തില്‍, നസ്രിയയ്ക്കു വേണ്ടി പാടാന്‍ സാധിച്ചു എന്നതിന്റെ കൂടി ആവേശത്തിലാണ് താന്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരവസരമാണിത്. ആദ്യം പാടാന്‍ വിളിച്ചപ്പോള്‍ ഇതൊരു മലയാള സിനിമയ്ക്കാണെന്നു പോലും കരുതിയിട്ടില്ല. പാടാന്‍ എത്തിയപ്പോഴാണ് ഇതൊരു അഞ്ജലി മേനോന് ചിത്രത്തിനാണെന്ന് അറിഞ്ഞത്. സത്യത്തില്‍ ഞാനാകെ കിടുങ്ങിപ്പോയി. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ചൊരു അവസരമാണിത്. പാടിക്കഴിഞ്ഞാണ് ഇത് നസ്രിയയ്ക്കു വേണ്ടിയാണെന്ന് അറിഞ്ഞത്. ഞാന്‍ നസ്രിയയുടെയും അഞ്ജലി മേനോന്റേയും ഒരു വലിയ ഫാനാണ്. പാടിക്കഴിഞ്ഞിട്ട് ഇതു വരെ നസ്രിയയോട് സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ പാട്ടു പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ അഞ്ജലി മേനോനോട് സംസാരിച്ചിരുന്നു. രഘു വിളിച്ച് ഫോണ്‍ കൊടുക്കുകയായിരുന്നു. ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അഞ്ജലി മാം ആണെന്ന് മനസിലായത്. അയ്യോ അതൊരു വല്ലാത്ത അനുഭവമായിരുന്നു. എന്നെ വളരെ ഇന്‍സ്പൈര്‍ ചെയ്ത ആളാണ്. ഈ പാട്ട് ഒത്തിരി ഇഷ്ടമായി എന്ന് മാം പറഞ്ഞപ്പോള്‍, എനിക്കു കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമായി തോന്നി” ആന്‍ പറയുന്നു.
‘കടല്‍’ എന്ന ചിത്രത്തിലെ ‘മൂങ്കില്‍ തോട്ടം’ എന്ന ഗാനത്തിനു ശേഷമാണ് അഭയ് എം ജയചന്ദ്രനെ ബന്ധപ്പെടുന്നത്. ഓഡീഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു.
“ഞാന്‍ ചെന്നൈയിലുള്ളപ്പോഴാണ് ജയചന്ദ്രന് സാര്‍ വിളിക്കുന്നത്. അങ്ങനെ ഒന്നു ശ്രമിച്ചു നോക്കി. ‘മിന്നാമിന്നി’ എന്ന പാട്ടിന് എന്റെ ശബ്ദം ചേരുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹത്തിനു വേണ്ടി പാടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. അതൊരു അഞ്ജലി മേനോന് ചിത്രത്തിനു വേണ്ടി കൂടിയാകുമ്പോള്‍ ഇരട്ടി സന്തോഷമാണ്. ഈ അവസരം എനിക്കു നല്‍കിയതിന് ജയചന്ദ്രന് സാറിനോട് നന്ദി പറയുന്നു”വെന്ന് അഭയ്.
ഏതൊരു യുവ ഗായകനും ഗായികയ്ക്കുമുള്ള സ്വപ്നമായിരിക്കും എ.ആര് റഹ്മാന് വേണ്ടി പാടുക എന്നത്. ‘കടല്‍’ എന്ന മണി രത്നം ചിത്രത്തിലൂടെ ആ സ്വപ്നവും അഭയ് സാക്ഷാത്കരിച്ചു.
“എ.ആര് റഹ്മാന്റെ വിളി വന്ന ആ നിമിഷം, ഒരു ഗായകന് എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു എനിക്കത്. എന്നും അങ്ങനെ തന്നെ ആയിരിക്കും. എന്റെ നട്ടെല്ലില്‍ ആ തരിപ്പ്, അതെനിക്ക് ഇപ്പോഴും അറിയാന്‍ കഴിയുന്നുണ്ട്. എന്റെ കഴിവിന്റെ അങ്ങേയറ്റം പുറത്തു കൊണ്ടുവരാന്‍ റഹ്മാന് സര് ശ്രമിച്ചിട്ടുണ്ട്, നല്കാന് ഞാനും. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, എന്നെ പ്രോചോദിപ്പിക്കുക മാത്രമല്ല, അതെന്നെ മാറ്റിമറിയിക്കുകയായിരുന്നു”.
‘പുള്ളിക്കാന്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ ‘കിളിവാതില്‍ ചാരി നീ’ എന്ന പാട്ടിലൂടെയാണ് ആന്‍ സിനിമയിലെത്തിയത് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് ആ ചിത്രത്തിന്റെ സംഗീത സംവിധായകന്.
“എന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു ആ ഗാനം. ജയചന്ദ്രന് സര് ആയിരുന്നു അതിന്റെ സംഗീതം. അതാണ് എന്റെ ആദ്യ ഗാനം എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷെ ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ‘ഏതു മേഘമാരി’ എന്നഗാനമാണ് ഞാന്‍ ആദ്യം പാടിയത്. ഷാനിക്ക എന്റെ ഒരു മെന്റര്‍ തന്നെയാണ്. പിന്നീടാണ് ജയചന്ദ്രന് സാറിനു വേണ്ടി പാടിയത്. ‘കൂടെ’യിലും സര് സംഗീതം നല്കിയ പാട്ടുകളുണ്ട്. ‘ആരാരോ’ കേട്ട് കഴിഞ്ഞ് വളരെ നന്നായി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊക്കെ വലിയ അനുഗ്രഹമാണ്. അതിലും കൂടുതല്‍ എന്തുകിട്ടാനാണ്. വളരെ കുറച്ചു കാലം കൊണ്ട് നല്ല കുറച്ചു പാട്ടുകള്‍ പാടാന്‍ സാധിച്ചു, അറിയപ്പെടുന്ന സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതൊക്കെ എന്തൊരു ഭാഗ്യമാണ്”.