കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം ഇനി അഭ്രപാളികളിൽ കാണാം. കൂടത്തായി സംഭവത്തിനെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. ആരാണ് സിനിമ സംവിധാനം ചെയ്യുന്നത്, സിനിമയുടെ തിരക്കഥയൊരുക്കുന്നത് ആര് തുടങ്ങിയ കാര്യങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ പതിനാറു വർഷത്തിനിടെ വിവിധ സമയങ്ങളിലായി ദുരൂഹസാഹചര്യത്തിൽ മരിച്ചത് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് പുറത്തുവന്നത്. ഈ കൊലപാതക പരമ്പരകൾക്ക് പിറകിൽ പൊന്നാമറ്റം കുടുംബത്തിലെ മരുമകളായ ജോളിയാണെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിനിമയൊരുങ്ങുന്നത്. മോഹൻലാലിനു വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥ മാറ്റി വച്ച് പകരം കൂടത്തായി കഥ സിനിമയാക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
Read more: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എന്നിവയാണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഒരു ത്രിഡി ചിത്രമാണ് ‘ബറോസ്’. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ‘ബറോസ്സി’ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്.
നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read more: ഒരു വേദി, ആറു സിനിമകൾ, ഒരൊറ്റ മോഹൻലാൽ