സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ പറ്റിച്ചെന്നാരോപിച്ച് ബാലതാരം ഗൗരവ് മേനോൻ രംഗത്ത്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവർത്തകരിൽനിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയിൽ മുഖ്യവേഷത്തിൽ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. അരുണ്‍ വിശ്വം സംവിധാനം ചെയ്ത ‘കോലുമിട്ടായി’ ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകനാണ് നിര്‍മിച്ചത്.

”ചിത്രത്തിന് മുൻപുളള കരാറിൽ പ്രതിഫലമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഇതു പറ്റില്ലെന്നു പറഞ്ഞപ്പോൾ ഇപ്പോൾ കാശില്ലെന്നും സിനിമ പൂർത്തിയായതിനുശേഷം തരാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ചാണ് സിനിമയിൽ അഭിനയിച്ചത്. മൂന്നു മാസത്തേക്കാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇത് ആറു മാസത്തോളം നീണ്ടു. ഇതിനിടയില്‍ ക്ലാസുകളും ഒന്ന് രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നു”.

”ചിത്രീകരണത്തിനുശേഷം പ്രതിഫലം ചോദിച്ചപ്പോൾ സാറ്റലൈറ്റ് അവകാശം ലഭിച്ചശേഷം നൽകാമെന്നു പറഞ്ഞു. എന്നാൽ സാറ്റലൈറ്റ് അവകാശം ലഭിച്ചശേഷം പണം നൽകാതിരിക്കാനായി ഈ വിവരം മറച്ചുവച്ചു. ഇതിനുശേഷം ഐജി വഴി സിറ്റി പൊലീസില്‍ പരാതി നല്‍കിയെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല”.

”ഈ ചിത്രത്തിനായി നിരവധി കുട്ടികളെ ഓഡിഷന് ക്ഷണിച്ചിരുന്നു. ഓരോ കുട്ടിയിൽനിന്നും 150 രൂപ വാങ്ങുകയും ചെയ്തു. ഇവര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സിനിമ പ്രവര്‍ത്തകര്‍ തയാറായില്ല. മാത്രമല്ല, ഓഡിഷനില്‍ പങ്കെടുത്ത ഒരാളെ മാത്രമാണ് സിനിമയില്‍ അഭിനയിപ്പിച്ചത്. ഇത്തരം ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹമുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും” ഗൗരവ് പറഞ്ഞു. ഇക്കാര്യങ്ങൾ പറയുന്നതിനിടെ ഗൗരവ് കരയുകയും ചെയ്തു. ഗൗരവിനൊപ്പം അമ്മ ജയ മേനോനും ഉണ്ടായിരുന്നു.

”പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്നാണ് കരാറെന്ന സംവിധായകന്റെ വാദം തെറ്റാണ്. ബാലതാരങ്ങളെ ചൂഷണം ചെയ്യുകയാണ് സിനിമയിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നും പ്രതിഫലം ചോദിച്ചതിന്റെ പേരില്‍ സംവിധായകന്‍ ഗൗരവിനെതിരെ സിനിമ മേഖലയില്‍ കുപ്രചാരണം നടത്തുകയാണെന്നും” മാതാവ് ജയ മേനോന്‍ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook