scorecardresearch
Latest News

അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെ പിറന്നാൾ ആഘോഷമിങ്ങനെ

കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ ബിഗ് ബിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ

അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെ പിറന്നാൾ ആഘോഷമിങ്ങനെ

ഇന്ത്യൻ സിനിമയുടെ അഭിമാന താരം അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബവും സഹപ്രവർത്തകരും സിനിമാലോകവും ആരാധകരുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ക്ഷേത്രത്തിലും ഗംഭീരമായ ആഘോഷപരിപാടികളാണ് അരങ്ങേറിയത്.

അമിതാഭ് ബച്ചന്റെ മുംബൈ വസതിയിൽ നിന്ന് ഏകദേശം 2000 കിലോമീറ്റർ അകലെയായാണ് കൊൽക്കത്തയിലെ ബച്ചൻ ധാം ക്ഷേത്രം. ഇവിടെ ബിഗ് ബിയുടെ ദർശനം ലഭിക്കാൻ ആരാധകർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടതില്ല. ഒരാൾക്ക് രണ്ട് മണിക്കൂർ വീതം എല്ലാ ദിവസവും രണ്ട് തവണ (രാവിലെ 10 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) അദ്ദേഹത്തെ കാണാൻ സാധിക്കും. തിളങ്ങുന്ന മുടിയും അലസ ഭാവവും ഗെയിം ഓഫ് ത്രോണ്സിനെ ഓർമ്മിപ്പിക്കുന്ന പച്ചനിറത്തിലുള്ള സിംഹാസനവുമൊക്ക ഇവിടെ കാണാം. എല്ലാ ക്ഷേത്രങ്ങൾക്കും അവരുടേതായ ചില നിയമങ്ങൾ ഉണ്ടാകും. ഇവിടെയുമുണ്ട് ചില നിയമങ്ങൾ. എയർകണ്ടീഷൻ ചെയ്ത അകത്തെ അറയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സന്ദർശകർ ഷൂസ് നീക്കം ചെയ്യണം. അകത്തേക്ക് പ്രവേശിക്കുമ്പോൾ സിംഹാസനത്തിൽ പീച്ച് നിറത്തിലുള്ള ബന്ദ്ഗാല ധരിച്ച്, കഴുത്തിൽ രജനിഗന്ധമാലയുമായി ഇരിക്കുന്ന ബച്ചനെ കാണാം.

അമിതാഭിന്റെ ജന്മദിനത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പൂജ നടത്തിയത് 50 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരാണ്. അമിതാഭിന്റെ മുഖം പ്രിന്റ് ചെയ്ത ടി-ഷർട്ടുകൾ ധരിച്ച് ‘ജയ് ശ്രീ അമിതാഭ്’ വിളികളോടെയാണ് ജന്മദിനാഘോഷം അവർ ആഘോഷമാക്കിയത്.

രാജ്യം അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, അവരുടെ എന്നത്തേയും സൂപ്പർസ്റ്റാറിനോടുള്ള സ്നേഹം തെളിയിക്കുവാൻ വേണ്ടി കൊൽക്കത്ത നഗരം ഒന്നാകെ വെമ്പി നിൽക്കുകയായിരുന്നുവെന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു ബച്ചൻ ധാമിലെ ആഘോഷപരിപാടികൾ. ബച്ചൻ ശ്രീകൃഷ്ണന്റെ തന്നെ അവതാരമാണെന്നാണാണ് ഓൾ ബംഗാൾ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷന്റെ ചീഫ് സെക്രട്ടറി സഞ്ജയ് പട്ടോഡിയ അവകാശപ്പെടുന്നത് “ശ്രീകൃഷ്ണനെ തിരിച്ചറിയാതിരുന്നതാണ് ദുര്യോധൻ ചെയ്ത തെറ്റ്. ഞങ്ങൾ ആ തെറ്റ് ആവർത്തിക്കുകയില്ല. അദ്ദേഹം ഞങ്ങൾക്ക് ദൈവമാണ്, ” പട്ടോഡിയ പറയുന്നു.

ക്ഷേത്രം പരിപാലിക്കുന്ന ഈ ഫാൻസ് അസോസിയേഷൻ കഴിഞ്ഞ 22 വർഷമായി ബച്ചന്റെയും കുടുംബാംഗങ്ങളുടെയും ജന്മദിനം വിട്ടുപോകാതെ ആഘോഷിക്കുന്നുണ്ട് . “ഞങ്ങൾ ക്ഷേത്രത്തിന് പുറത്ത് ആളുകൾക്ക് ഭക്ഷണം നൽകുകയും ശൈത്യകാലത്ത് പുതപ്പുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു,” പട്ടോഡിയ പറയുന്നു. “ഈ വർഷം ഞങ്ങൾക്ക് വളരെയധികം പ്രത്യേകതയുള്ള വർഷമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 80 സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണവും വസ്ത്രവും കൊടുക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതിനുശേഷം ഞങ്ങൾ ഒരു സിറ്റി മൾട്ടിപ്ലക്‌സിൽ അമിതാഭ് ബച്ചന്റെ പ്രത്യേക സിനിമാ പ്രദർശനങ്ങൾ നടത്തും, ” പട്ടോഡിയ പറയുന്നു.

തന്റെ ചോറൂൺ ചടങ്ങ് നടത്തിയ വ്യക്തിയുടെ ജന്മദിനം ആഘോഷിക്കാൻ 8 വയസ്സുള്ള കേയ സർക്കാരും ക്ഷേത്രത്തിലെത്തിയിരുന്നു. 2016-ൽ പുറത്തിറങ്ങിയ ടീൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ബച്ചൻ നഗരത്തിലെത്തിയപ്പോൾ, ബച്ചന്റെ ആരാധകരായ കേയയുടെ മാതാപിതാക്കൾ ബച്ചൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് കേയയെ കൂട്ടിക്കൊണ്ടുപോകുകയും ചോറൂൺ ചടങ്ങ് നടത്തുകയും ചെയ്തു.

അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന അമിതാഭ് ബച്ചന് കൊൽക്കത്ത നഗരവുമായി പ്രത്യേക ബന്ധമുണ്ട്. അത് ഒരു കൊൽക്കത്തക്കാരനും മറക്കുകയില്ല. 1960കളിൽ കൊൽക്കത്തയിലെ പ്രമുഖ മാനേജിംഗ് ഏജൻസികളിലൊന്നിൽ ഒരു ഫ്രൈറ്റ് എക്സിക്യൂട്ടീവായാണ് തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചതെന്ന് അമിതാഭ് തന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. നഗരത്തിലെ അമച്വർ നാടകരംഗത്തും സജീവമായിരുന്നു ബച്ചൻ. എല്ലാ പൊതുചടങ്ങുകളിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിക്കുന്നത് ‘ബംഗ്ലാർ ജമൈ’ (ബംഗാളിന്റെ മരുമകൻ) എന്നാണ്.

അമിതാഭ് ബച്ചന്റെ 54കാരനായ ആരാധകൻ സുശാന്ത സർക്കാരിനെ തിരിച്ചറിയുവാൻ യാതൊരു പ്രയാസവും കാണില്ല. 1970 കളിലും 80കളിലും ബച്ചൻ ഉപയോഗിച്ചിരുന്ന അതേ രീതിയിലാണ് സുശാന്ത ഇപ്പോഴും മുടിവെട്ടുന്നത്.

“ദൈവം എന്നോട് ക്ഷമിക്കണം, കാരണം അമിതാഭ് ബച്ചൻ എനിക്കു ദൈവത്തിനും മുകളിലാണ്. ഡോൺ കാണാൻ സ്കൂളിൽ പോയത് മുതൽക്കെ ഞാൻ ഒരു ആരാധകനാണ്. എന്നെപ്പോലെ ആയിരങ്ങൾ ഈ നഗരത്തിലുണ്ട്. കൊൽക്കത്ത ബച്ചനെ സ്നേഹിക്കുന്നു, ബച്ചൻ കൊൽക്കത്തയെ തിരികെ സ്നേഹിക്കുന്നു,” സുശാന്ത് പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kolkatas amitabh bachchan birthday temple celebration photos