ദേശീയ പുരസ്കാര ജേതാവായ ടികെ രാജീവ് കുമാർ നീണ്ട ആറു വർഷങ്ങൾക്കു ശേഷം ചെയ്യുന്ന ചിത്രമാണ് ‘കോളാമ്പി.’ നിത്യ മേനൻ, രൺജി പണിക്കർ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. സിനിമയിൽ നിന്നും മാറി നിന്ന ഈ ആറു വർഷവും അദ്ദേഹം അപൂർവ്വമായൊരു അസുഖവുമായുള്ള ജീവൻമരണ പോരാട്ടത്തിലായിരുന്നു.

വിദേശയാത്രയ്ക്കിടെ തീർത്തും നിസ്സാരമെന്നു തോന്നുന്ന ഒരു പ്രാണിയിൽ നിന്നേറ്റ ആക്രമണം, പിന്നീട് ജീവിതത്തിനു തന്നെ ഭീഷണിയായ, ഇന്ത്യയിൽ അധികം കേട്ടുകേൾവി പോലുമില്ലാത്ത ‘ലൈം ഡിസീസ്’ (Lyme Disease) എന്ന അസുഖമായി മാറി. ആറു വർഷം നീണ്ട രോഗവുമായുള്ള പോരാട്ടത്തെ കുറിച്ച് രാജീവ് കുമാർ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തിനോട് സംസാരിച്ചു.

Image may contain: 1 person, beard and close-up

“ജർമ്മനിയിൽ ഫ്രാങ്ക്ഫർട്ടിൽ ഇന്റർനാഷണൽ ബുക്ക് ഫെയറിന് പോയതായിരുന്നു ഞാൻ. അവിടെ വെച്ച് ഒരു പ്രാണിയുടെ കടിയേറ്റു. അപ്പോഴത് അറിഞ്ഞില്ല. നാട്ടിൽ എത്തി കഴിഞ്ഞപ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മൂന്നാഴ്ച കൂടുമ്പോൾ എന്തെങ്കിലും തരത്തിലുള്ള അണുബാധ വരും, ഒപ്പം പനിയും. ഓരോ തവണയും ആശുപത്രിയിൽ പോയി ചികിത്സയെടുക്കും. ആദ്യത്തെ രണ്ടു രണ്ടര വർഷം എന്താണ് യഥാർത്ഥ കാരണം എന്ന് തിരിച്ചറിയാൻ പറ്റിയില്ല,” ജീവിതത്തെ പിടിച്ചുലച്ച ആ ദിനങ്ങളെ അദ്ദേഹം ഓര്‍ത്തെടുത്തതിങ്ങനെ.

“ഞാറയ്ക്കലിൽ ലക്ഷ്മി രാഹുൽ എന്നു പറഞ്ഞൊരു ഡോക്ടറുണ്ട്. അവരാണ് ആദ്യം ഇത് ‘ലൈം ഡിസീസ്’ ആവാം എന്ന സംശയം പറയുന്നത്. എന്റെ പുരികത്തിനു മുകളിൽ ഒരു കലയുണ്ടായിരുന്നു, പനി വരുമ്പോൾ അതു കൂടുതൽ ചുവക്കും. ഈ ലക്ഷണം കണ്ടിട്ടാണ് ഇൻസെക്റ്റ് ബൈറ്റാവാം എന്ന് ഡോക്ടർ ലക്ഷ്മി സംശയിക്കുന്നത്. എന്നോട് യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചു. ജർമനി യാത്രയെ കുറിച്ചു പറഞ്ഞപ്പോൾ, അവിടെ ഇത് കൂടുതലാണ്, സാധ്യത തള്ളി കളയാനാവില്ലെന്നു പറഞ്ഞു,” രോഗത്തെക്കുറിച്ച് കണ്ടുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാജീവ്‌ കുമാര്‍ വിവരിച്ചു.

തുടര്‍ന്ന് രക്തത്തിന്റെ സാമ്പിൾ ഇന്ത്യയ്ക്ക് പുറത്തേക്ക് അയച്ചു പരിശോധിച്ചു. അങ്ങനെയാണ് രോഗം നിർണയിക്കുന്നത്. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ബാക്ടീരിയ ആന്തരിക അവയവങ്ങളെയൊക്കെ ബാധിച്ചിരുന്നു. ഒരുപാട് ആശുപത്രികൾ കയറിയിറങ്ങി.

“ഇടയ്ക്ക് കുറച്ച് ആശ്വാസം തോന്നിയപ്പോഴാണ് കമൽഹാസനെയും മകളെയും വെച്ച് ‘സബാഷ് നായിഡു’ എന്ന ചിത്രം ചെയ്യാൻ ഒരുങ്ങുന്നത്. നാലു ഭാഷകളിലായി പ്ലാൻ ചെയ്ത ചിത്രമായിരുന്നു. ചിത്രീകരണത്തിനായി ഞങ്ങൾ ലോസ് ആഞ്ചൽസിലേക്കു പോയി. എന്നാൽ ഷൂട്ടിംഗിന് രണ്ടു ദിവസം മുൻപ് ഞാൻ അബോധാവസ്ഥയിലായി, പതിയെ കോമ സ്റ്റേജിലെത്തി. ഈ ബാക്ടീര ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഓരോ തവണയും മാറി കൊണ്ടിരിക്കും. പത്തു ദിവസത്തോളമാണ് ആ കിടപ്പ് കിടന്നത്.”

Image may contain: 2 people, people smiling, people sitting and beard

‘കോളാമ്പി’ ചിത്രീകരണത്തിനിടെ

സിനിമ ഉപേക്ഷിച്ച് തിരിച്ചുപോരുകയായിരുന്നു രാജീവ്‌ കുമാറും സംഘവും.  2018 ജനുവരി ആയപ്പോഴേക്കും ഈ ബാക്ടീരിയ അദ്ദേഹത്തിന്റെ ശരീരത്തിലാകമാനം ബാധിച്ചു തുടങ്ങി. 2018 ഏപ്രിൽ രണ്ടിന് ഗുരുവായൂരിൽ വെച്ചായിരുന്നു ‘കോളാമ്പി’യുടെ പൂജ.

“പൂജ കഴിഞ്ഞതും ഞാൻ വീണ്ടും കോമ അവസ്ഥയിലായി. അപ്പോഴേക്കും ബാക്ടീരിയ കരളിനെ ബാധിച്ചിരുന്നു. ആ മേയ് മാസത്തിൽ ആയിരുന്നു ശസ്ത്രക്രിയ,”  രാജീവ് കുമാർ പറഞ്ഞു.

“രോഗം തിരിച്ചറിയാതെ രണ്ടു രണ്ടര വർഷം, അറിഞ്ഞിട്ട് ആറുവർഷം. ഏതാണ്ട് എട്ടു വർഷത്തോളമാണ് ഈ അസുഖം കാരണം അദ്ദേഹം ബുദ്ധിമുട്ടിയത്. ഇന്ത്യയിൽ എവിടെയും ഇങ്ങനെയൊന്ന് കണ്ടതായി അറിവില്ല, അപൂർവ്വമാണ് ഇവിടെ. എന്നാൽ ജർമ്മനിയിലും ലോസ് ഏഞ്ചൽസിലുമെല്ലാം സാധാരണമാണ് താനും. പ്രധാനമായും മരങ്ങൾ ഉള്ള ഏരിയയിൽ ആണ് ഇത്തരം പ്രാണികൾ ഉണ്ടാവുക. അവിടെ എല്ലാവരും ഡോക്സിസൈക്ലിൻ ഗുളികയൊക്കെ കഴിച്ച് മുൻകരുതൽ എടുത്താണ് ഇത്തരം ഏരിയയിലേക്കു പോവുക.

തുടക്കത്തിലെ കണ്ടെത്തിയാൽ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണിത്. വൈകിയാൽ ജീവനു തന്നെ അപകടകരമായി മാറുകയോ മരണം തന്നെയോ സംഭവിക്കാം. നാഢീവ്യൂഹത്തെ മൊത്തത്തിൽ ബാധിക്കും. ചികിത്സിക്കാതെ വിട്ടാൽ നാലാം ഘട്ടം ആകുമ്പോഴേക്കും സ്കിസോഫ്രീനിയ (Schizophrenia) വരെയായി മാറാം. ഒരു കൊച്ചു പ്രാണി വിചാരിച്ചാൽ വരെ എന്തും സംഭവിക്കാം എന്നു മനസ്സിലായ കാലമാണ് കഴിഞ്ഞു പോയത്.”

Image may contain: 1 person

ശസ്ത്രക്രിയയ്ക്കു ശേഷം രോഗവിമുക്തനായപ്പോഴാണ് ‘കോളാമ്പി’ നിർമ്മിക്കാം എന്നു ഏറ്റിരുന്ന രൂപേഷ് വീണ്ടും രാജീവ്‌ കുമാറിനെ വീണ്ടും സമീപിക്കുന്നത്.  അങ്ങനെയാണ് ‘കോളാമ്പി’ വീണ്ടും പുനര്‍ജ്ജനിക്കുന്നത്. അസുഖസമയത്തും ‘ഈ സിനിമ ചെയ്യണം സാർ’ എന്ന് പ്രചോദിപ്പിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ നിത്യാ മേനൻ ആയിരുന്നു എന്നും രാജീവ് കുമാർ വെളിപ്പെടുത്തി.

“ഈ സിനിമ ഉണ്ടാവാനുള്ള ഒരു കാരണം നിത്യയാണ്. ഞാൻ തീരെ അവശതയിൽ രോഗവുമായി ഇരിക്കുമ്പോഴും ഈ സിനിമ സാർ ചെയ്യണം, ഡേറ്റ് പറഞ്ഞാൽ മതി, ഞാൻ വന്ന് അഭിനയിക്കാം എന്നൊക്കെ നിത്യ എന്നെ മോട്ടിവേറ്റ് ചെയ്തു കൊണ്ടിരുന്നു. ഒരു ആർട്ടിസ്റ്റ് തന്നെ അത്രയും ആത്മവിശ്വാസത്തോടെ നമ്മളെ പ്രചോദിപ്പിക്കുമ്പോൾ ആ സിനിമ ചെയ്യണം എന്ന് നമുക്കും തോന്നുമല്ലോ. സാധാരണ ഇങ്ങനെ ഒരു അസുഖത്തിന്റെ അവസ്ഥയൊക്കെ വരുമ്പോൾ, പിന്നെ ആ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയൊന്നും ആർക്കും ഉണ്ടാവില്ല. എന്നാൽ നിത്യ തന്നെ ഇനീഷേറ്റീവ് എടുത്തു. അതൊരു അനുഗ്രഹമായിരുന്നു.”

Image may contain: 7 people, people standing and outdoor

ദുരിതപര്‍വ്വം കടന്നു രാജീവ് കുമാറും ‘കോളാമ്പി’യും മലയാള സിനിമാ പ്രേക്ഷകരിലേക്ക് വൈകാതെ എത്തും.  സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ ‘ചാണക്യന്‍’, ക്ഷണക്കത്ത്’, ‘പവിത്രം’, ‘കണ്ണെഴുതിപൊട്ടും തൊട്ട്, ‘ശേഷം’, തത്സമയം ഒരു പെണ്‍കുട്ടി’ എന്നീ ചിത്രങ്ങള്‍ പോലെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ‘കോളാമ്പിയും’ ഇടം നേടും എന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം, രോഗക്കിടക്കയില്‍ നിന്നും  പ്രതീക്ഷയുടെ വെളിച്ചത്തില്‍ ഉയിര്‍ത്ത ഒരാള്‍, തന്റെ പ്രതിഭയുടെ, അര്‍പ്പണബോധത്തിന്റെ, സിനിമയിലുള്ള വിശ്വാസത്തിന്റെ ബലത്തില്‍ ഒരുക്കുന്ന ഒരു സിനിമയാണത്.

Read More: ടി.കെ.രാജീവ്‌ കുമാര്‍ ചിത്രം ‘കോളാമ്പി’ വരുന്നു, നിത്യാ മേനോന്‍ നായിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook