സെയ്ഫ് അലിഖാനും കരീന കപൂറും തമ്മിലുള്ള വിവാഹത്തിന് തന്നെ അണിയിച്ചൊരുക്കി വിട്ടത് അമ്മ അമൃത സിങ്ങാണെന്ന് വെളിപ്പെടുത്തുകയാണ് സെയ്ഫിന്റെ മകളായ സാറാ അലിഖാൻ. സെയ്ഫിന്റെ മുന്നിൽ വെച്ചു തന്നെയായിരുന്നു സാറയുടെ ഈ വെളിപ്പെടുത്തൽ. പിതാവായ സെയ്ഫിനൊപ്പം ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായെത്തിയതായിരുന്നു സാറ.

തന്നെ അണിയിച്ചൊരുക്കി അച്ഛന്റെ വിവാഹത്തിന് പറഞ്ഞയച്ചതിനൊപ്പം തന്നെ, അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം അച്ഛനൊപ്പം തന്നെ ഉണ്ടാകണമെന്ന് അമ്മ ആവശ്യപ്പെടുകയും ചെയ്തെന്ന് സാറാ കൂട്ടിച്ചേർത്തു. ‘അനുകരണീയവും മനോഹരവുമായ ആധുനിക കുടുംബം’ എന്നാണ് കരൺ ജോഹർ സാറായുടെ വാക്കുകളോട് പ്രതികരിച്ചത്.

മകളുടെ വാക്കുകൾ ഇമയനങ്ങാതെ കേട്ടിരുന്ന സെയ്ഫ്, കരീനയുമായുള്ള തന്റെ വിവാഹദിവസം താനും അമൃതയ്ക്ക് ഒരു കുറിപ്പെഴുതി അയച്ചിരുന്നതായും കരൺ ജോഹറിനോട് വെളിപ്പെടുത്തി. ഞങ്ങൾ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അമൃതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നുമായിരുന്നു കുറിപ്പിലെ സന്ദേശമെന്നും സെയ്ഫ് പറഞ്ഞു. “ആ കുറിപ്പു കണ്ട് സാറ എന്നെ വിളിച്ചു പറഞ്ഞത്, ഞാനെന്തായാലും വിവാഹത്തിന് വരുമായിരുന്നു, പക്ഷേ ഇപ്പോൾ ഹൃദയംനിറഞ്ഞ സന്തോഷത്തോടെയാണ് കല്യാണത്തിന് വരുന്നതെന്നാണ്,” സെയ്ഫ് അലി ഖാൻ പറയുന്നു.

തന്റെ മാതാപിതാക്കളിൽ നിന്നും സാറ പകർത്താൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണെന്നായിരുന്നു കരണിന്റെ മറ്റൊരു ചോദ്യം, അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്നും താൻ പകർത്താൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ ഏറെയാണെന്നും സത്യത്തിൽ തന്നേക്കാൾ വിശാലമാണ് അവരുടെ കാഴ്ചപ്പാടുകൾ എന്നുമായിരുന്നു സാറയുടെ ഉത്തരം. ആരുടെ കാഴ്ചപ്പാടാണ് കൂടുതൽ വിശാലം എന്ന ചോദ്യത്തിന്​ ഒരു നിമിഷം പോലും ആലോചിക്കാതെ, അമ്മ അമൃത സിങ്ങിന്റെ പേരാണ് സാറാ പറഞ്ഞത്.

“ഈ ബന്ധങ്ങളിലെല്ലാം തന്നെ എല്ലാവർക്കും അവരുടേതായ വ്യക്തതയുണ്ട്. ഒരിക്കലും ഒരു ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. കരീന അന്നും ഇന്നും എന്നോട് പറയുന്നത്: നോക്കൂ, നിനക്ക് ഒരു നല്ല അമ്മയുണ്ട്, ഞാനാഗ്രഹിക്കുന്നത് നീയുമായി ഒരു നല്ല സൗഹൃദമാണെന്നാണ്. എന്റെ അച്ഛനും ഒരിക്കലും ഇത് നിന്റെ രണ്ടാനമ്മയാണെന്ന് എന്നോട് പറഞ്ഞിട്ടില്ല. കരീന എന്നു വിളിക്കണോ കരീന​ ആന്റി എന്നു വിളിക്കണോ എന്നു ഞാൻ ആലോചിച്ചപ്പോൾ, നീ അവളെ ആന്റിയെന്നു വിളിക്കേണ്ട ആവശ്യമൊന്നുമില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഈ ബന്ധങ്ങളിലൊന്നും തന്നെ യാതൊരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല. എന്താണ് മറ്റുള്ളവർക്ക് വേണ്ടതെന്ന് മനസ്സിലാക്കി അതിനെ ബഹുമാനിക്കാൻ പഠിക്കൽ മാത്രമാണ് പ്രധാനം. ഞാനെന്റെ അച്ഛനെയും അമ്മയേയും നോക്കി കാണുകയാണ്, അവർ​ ഒന്നിച്ചായാൽ ഉണ്ടാകുമായിരുന്നതിനേക്കാൾ സന്തോഷം അവരിപ്പോൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ചുറ്റുമുള്ളവരും സന്തോഷവാന്മാരാണ്. എനിക്കിപ്പോൾ ആശ്വാസം തരുന്ന രണ്ടു വീടുകളുണ്ട്, അതൊരു വിജയം തന്നെയായി ഞാൻ കരുതുന്നു,” സാറ കൂട്ടിച്ചേർക്കുന്നു.

1991 ൽ ‘ബേഖുഡി’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ അമൃത സിങ്ങിനെ സെയ്ഫ് അലിഖാൻ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാവുന്നതും. സാറാ അലിഖാനെ കൂടാതെ ഈ ദമ്പതികൾക്ക് ഇബ്രാഹിം എന്ന ഒരു മകൻ കൂടിയുണ്ട്. 2004 ൽ സെയ്ഫും അമൃതയും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2012 ഒക്ടോബറിലാണ് കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്യുന്നത്. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ