പ്രശസ്ത സിനിമാ നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയാണ് ‘ കോഫി വിത്ത് കരണ്‍’. ഏഴാം സീസണില്‍ എത്തി നില്‍ക്കുന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് നടന്‍ അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു.
ഹോട്ട് സ്റ്റാർ പുറത്തുവിട്ട ‘ കോഫി വിത്ത് കരണ്‍’ ഷോയുടെ പുതിയ ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കരൺ ജോഹറും അനിൽ കപൂറുമൊത്തുള്ള രസകരമായ സംഭാഷണമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. 65-ാം വയസ്സിലും ഇപ്പോഴും കാഴ്ചയിൽ ചെറുപ്പമായിരിക്കുന്ന നടനാണ് അനിൽ കപൂർ, അടുത്തിടെയാണ് മകൾ സോനം ഒരു കുഞ്ഞിനു ജന്മം നൽകിയത്. കുടുംബബന്ധങ്ങൾ കൊണ്ട് മുത്തശ്ശനാവുമ്പോഴും കാഴ്ചയിൽ നിത്യയൗവ്വനം നിലനിർത്തുകയാണ് അനിൽ കപൂർ.
‘ഇങ്ങനെ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്ത്? എന്നായിരുന്നു അനിൽ കപൂറിനോട് ഷോയ്ക്കിടയിൽ കരണ്‍ ചോദിച്ചത്. ‘സെക്‌സ്, സെക്‌സ്, സെക്‌സ്’ എന്ന് അനില്‍ കപൂർ മറുപടി നല്‍കി. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന കരണ്‍ ജോഹറിനും വരുണ്‍ ധവാനുമൊപ്പം ഇതെല്ലാം സ്‌ക്രിപ്റ്റഡാണെന്നു പറയുന്ന അനില്‍ കപൂറിനെയും വീഡിയോയിൽ കാണാം.
‘കത്രീന കൈഫ്, ദീപിക പദുകോണ്‍ ഇവരില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താത്പര്യം’ എന്ന് വരുണ്‍ ധവാനോട് കരണ്‍ ചോദിക്കുന്നുണ്ട്. ‘ എന്നെ ഞാനൊരു കുട്ടിയായിട്ടാണ് കാണുന്നത്’ എന്ന വരുണിന്റെ മറുപടിയ്ക്ക് ‘ നിങ്ങള്‍ പറയുന്നത് ഈ നായികമാര്‍ക്കു പ്രായമായെന്നാണോ?,’ എന്ന മറുചോദ്യം കരണ്‍ ചോദിക്കുന്നു.
വിവാഹബന്ധത്തിലെ വിശ്വാസവഞ്ചനയെപ്പറ്റി കരണ്‍ ചോദിക്കുമ്പോള്‍ തമാശ കലര്‍ന്ന മറുപടികളും അനില്‍ കപൂര്‍ നല്‍കുന്നുണ്ട്. ഷോയുടെ പ്രശസ്തമായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ‘ ഏറ്റവും കൂടുതല്‍ സെല്‍ഫി എടുക്കുന്ന ആള്‍, തെറ്റായ സ്‌ക്രിപ്പറ്റ് തിരഞ്ഞെടുക്കുന്ന ആള്‍ അങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്ക് അര്‍ജുന്‍ കപൂര്‍ എന്ന ഉത്തരമാണ് വരുണ്‍ നൽകിയത്.
വരുണിന്റെ ഉത്തരം കേട്ട് ‘അര്‍ജുന്‍ എന്റെ മരുമകനാണ്’ എന്ന് അനില്‍ കപൂര്‍ പറയുന്നതും ട്രെയ്‌ലറില്‍ കാണാം. വരുണും അനില്‍ കപൂറും ചേര്‍ന്നുളള ഡാന്‍സും വീഡിയോയുടെ ആകർഷണമാണ്.