Kodathi Samaksham Balan Vakeel Review: പ്രേക്ഷകസമക്ഷം ബാലൻ വക്കീൽ; ആഘോഷിക്കാനും ഓർത്തുവയ്ക്കാനും ഒന്നുമില്ല

Kodathi Samaksham Balan Vakeel Movie Review in Malayalam: ദിലീപിന്റെ അടുത്തകാലത്തെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ‘കോടതിസമക്ഷം ബാലൻ വക്കീലി’ൽ കാണാനാവുക

kodathi samaksham balan vakeel, kodathi samaksham balan vakeel cast, kodathi samaksham balan vakeel review, kodathi samaksham balan vakeel movie review, kodathi samaksham balan vakeel critic review, kodathi samaksham balan vakeel audience review, kodathi samaksham balan vakeel public review, dileep, priya anand, mamta mohandas, siddique, lena, കോടതിസമക്ഷം ബാലൻ വക്കീൽ, കോടതിസമക്ഷം ബാലൻ വക്കീൽ റിവ്യൂ, കോടതിസമക്ഷം ബാലൻ വക്കീൽ ആദ്യ പ്രതികരണം, കോടതിവക്കീൽ ബാലൻ വക്കീൽ റിലീസ്, ദിലീപ്, മംമ്ത മോഹൻദാസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Dileep Starrer Kodathi Samaksham Balan Vakeel Movie Review: സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ‘കോടതിസമക്ഷം ബാലൻ വക്കീൽ’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സംവിധായകൻ തന്നെ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞതുപോലെ, ഇതുവരെയുള്ള ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ട്രീറ്റ്മെന്റാണ് ‘കോടതിസമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിനു വേണ്ടി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു ടിപ്പിക്കൽ ബി ഉണ്ണികൃഷ്ണൻ ചിത്രമല്ല, എന്നാൽ പതിവു ദിലീപ് ചിത്രങ്ങളുടെ ശൈലിയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ‘ബാലൻ വക്കീലി’നു അവകാശപ്പെടാനുമില്ല.

സംസാരപരിമിതിയുള്ള ബാലകൃഷ്ണൻ എന്ന വക്കീൽ കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അറിയുന്നവരെല്ലാം പരിഹാസത്തോടെ വിക്കൻ വക്കീൽ എന്നു വിളിക്കുന്ന അപകർഷതാബോധമുള്ള ഒരാളാണ് നായകൻ. മകനെ കുറിച്ച് സ്വപ്നങ്ങൾ കാണുകയും പിന്നീട് അവനൊരു തോൽവിയാണെന്ന് എഴുതിതള്ളുകയും ചെയ്യുന്ന, എപ്പോഴും കഞ്ചാവ് അടിച്ച് കിറുങ്ങി നടക്കുന്ന ഒരച്ഛനും സീരിയൽ ഭ്രാന്തിയായ ഒരമ്മയും മണ്ടത്തരങ്ങളുടെയും അബദ്ധങ്ങളുടെയും ഹോൾസെയിൽ വിൽപ്പന നടത്തുന്ന ഒരളിയനും പെങ്ങളുമൊക്കെയാണ് അയാളുടെ കുടുംബം. കൺവെൻഷനൽ ടൈപ്പിലുള്ള അച്ഛൻ കഥാപാത്രങ്ങൾക്ക് ചിലപ്പോഴെങ്കിലും മോചനം നൽകുന്നുണ്ട് സിദ്ദീഖിന്റെ അച്ഛൻ കഥാപാത്രം.

ഏറെ നിരീക്ഷണപാടവും ബുദ്ധികൂർമ്മതയുമൊക്കെയുണ്ടെങ്കിലും ഒരു വക്കീൽ ഓഫീസിൽ ജൂനിയറായി കഴിഞ്ഞുകൂടുകയാണ് ബാലകൃഷ്ണൻ.  അപ്രതീക്ഷിതമായി ഒരു ദിവസം അയാളുടെ മുന്നിലെത്തുന്ന ‘അനുരാധ’ എന്ന പെൺകുട്ടിയാണ് ബാലൻ വക്കീലിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അനുരാധയുടെ ആവശ്യപ്രകാരം അയക്കേണ്ടി വന്ന ഒരു വക്കീൽ നോട്ടീസ്, ബാലൻ വക്കീലിനെയും പ്രശ്നങ്ങളിലാക്കുകയാണ്. ജീവിതം കൊണ്ടെത്തിച്ച വിഷമസന്ധിയിൽ നിന്നും കരകയറാൻ ബാലൻ വക്കീൽ നടത്തുന്ന യാത്രകളും സത്യാന്വേഷണങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.  ഒരു ഗൂഢാലോചനയുടെയും ദുരൂഹതകൾ ഉണർത്തുന്ന അപകടമരണത്തിന്റെയും സത്യം അറിയാനുള്ള ആ യാത്രയിൽ അനുരാധയെ കൂടി സംരക്ഷിക്കേണ്ടി വരികയാണ് ബാലൻ വക്കീലിന്.

ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി കൺവീൻസിംഗ് ആയ രീതിയിലാണ് ആദ്യപകുതിയിൽ കഥ പറഞ്ഞുപോകുന്നത്. ഇന്റർവെൽ വരെ ചിത്രം ത്രില്ലറു പോലെയാണ്. ബാലൻ വക്കീലിനെ ചുറ്റിവരിഞ്ഞിരിക്കുന്ന പ്രശ്നങ്ങളുടെ ഊരാകുടുക്കുകൾ അഴിയുന്നതു കാണാനുള്ള പ്രേക്ഷകരുടെ കൗതുകം ആദ്യ പകുതിയെ രസകരമാക്കുന്നു. എന്നാൽ രണ്ടാം പകുതിയോടെ ലോജിക് ഇല്ലായ്മയും കഥയുടെ കെട്ടുറപ്പ് ഇല്ലായ്മയുമൊക്കെ ആസ്വാദനത്തെ ബാധിച്ചു തുടങ്ങും.

ദുർബലമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രശ്നമായി എടുത്തു പറയേണ്ട ഘടകം. ജീവിതം ഒരു ജിഗ്സോ പസിൽ ആണെന്നും വേണ്ടസമയത്ത് വേണ്ട ‘പീസ് ‘ യോജിപ്പിക്കുന്നതിനാണ് യുക്തി വേണ്ടതെന്നും സിനിമ തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ടെങ്കിലും, തിരക്കഥയെന്ന ജിഗ്സോ പസിൽ യോജിപ്പിച്ചെടുക്കുന്നതിനിടയിൽ തിരക്കഥാകൃത്തിന് പലപ്പോഴും പാളിപ്പോയിട്ടുണ്ട്. ആദ്യ പകുതിയുടെ പേസ് നിലനിർത്താൻ രണ്ടാം പകുതിയ്ക്ക് ആകാതെ പോകുമ്പോൾ ക്ലൈമാക്സ് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. ക്ലൈമാക്സ് ഭാഗത്ത് കാത്തുവയ്ക്കുന്ന ഒരു സർപ്രൈസ് വെളിപ്പെടുത്തൽ മാത്രമാണ് പ്രേക്ഷകന് അൽപ്പമെങ്കിലും ആശ്വാസം നൽകുക.

സംവിധായകൻ തന്നെ ഏൽപ്പിച്ച കഥാപാത്രത്തെ തന്നാലാവും വിധം മനോഹരമായി തന്നെ ദിലീപ് അവതരിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളതും  ചലഞ്ചിംഗുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദിലീപ് മുൻചിത്രങ്ങളിൽ എടുത്ത അധ്വാനം തന്നെ ഈ കഥാപാത്രത്തിന്റെ കാര്യത്തിലും കൈകൊണ്ടിട്ടുണ്ടെന്ന് കഥാപാത്രത്തിന്റെ തുടർച്ചയിൽ നിന്നും മനസ്സിലാവും.  ദിലീപിന്റെ അടുത്തകാലത്തെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ‘കോടതിസമക്ഷം ബാലൻ വക്കീലി’ൽ കാണാനാവുക.  അനുരാധയായെത്തുന്ന മംമ്ത മോഹൻദാസും കൺവീൻസിംഗ് ആയി തന്റെ റോൾ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആനന്ദ്, ലെന, ഗണേഷ് കുമാർ, രൺജി പണിക്കർ, ബിന്ദു പണിക്കർ, സിദ്ദിഖ്, ഭീമൻ രഘു, സൈജു കുറുപ്പ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

Read more: ഹാപ്പി ബര്‍ത്ത്ഡേ മംമ്ത: ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ലൊക്കേഷനിലെ പിറന്നാള്‍ ആഘോഷം

‘കോടതിസമക്ഷം ബാലൻ വക്കീലി’ലെ ചിരി സാന്നിധ്യം അജു വർഗീസും സുരാജ് വെഞ്ഞാറമൂടുമാണ്. പക്ഷേ പല തമാശകളും ചിരി പടർത്തുന്നില്ല എന്നതാണ് സത്യം. ബാലൻ വക്കീൽ, സന്തത സഹചാരിയായ അൻസർ അലി ഖാനോട് പറയുന്നതു പോലെ, തമാശകളിൽ പലതും വല്ലാതെ ക്ലീഷെ ആയി പോവുന്നുണ്ട്. പ്രത്യേകിച്ചും അജുവർഗ്ഗീസിന്റെ കഥാപാത്രം സിനിമയിലുടനീളം ‘ക്ലീഷേകളുടെ ആറാട്ടി’ന് കൊടിപിടിച്ചു നടക്കുകയാണ് .

വയാകോം 18 എന്ന ബോളിവുഡ് നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങളും മികവു പുലർത്തുന്നുണ്ട്. റാം, മാഫിയ ശശി, സുപ്രീം സുന്ദർ, ലക്ഷ്മൺ, സ്റ്റണ്ട് ശിവ എന്നിവർ ചേർന്നാണ് സംഘട്ടനസീനുകൾ ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ്. നൊസ്റ്റാൾജിക് ഫീലിൽ ഉള്ള ‘തേൻ പനിമതിയേ…’ എന്നു തുടങ്ങുന്ന ഗാനമാണ് കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത്.

ഒറ്റക്കാഴ്ചയ്ക്ക് അപ്പുറം ആഘോഷിക്കപ്പെടാനോ ഓർത്തുവെയ്ക്കാനോ ഒന്നും സമ്മാനിക്കാത്ത ഒരു ആവറേജ് ചിത്രമാവുകയാണ് ‘കോടതിസമക്ഷം ബാലൻ വക്കീലും’. ഇടയ്ക്കുള്ള ലാഗും അരോചകമാകുന്ന ചില നർമ്മമുഹൂർത്തങ്ങളും ഗൗനിക്കുന്നില്ലെങ്കിൽ ‘ബാലൻ വക്കീലിനെയും’ അയാളുടെ സത്യാന്വേഷണയാത്രയും കണ്ടിരിക്കാമെന്നു മാത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kodathi samaksham balan vakeel malayalam movie release review rating dileep mamtha mohandas b unnikrishnan

Next Story
‘കൊലവെറി’ ബോയ്സ് വീണ്ടുമൊന്നിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com